തെരെഞ്ഞെടുപ്പു സർക്കുലറിലെ ബിജെപിയുടെ സീൽ: ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനൽ അന്വേഷണം വേണം, സർക്കുലർ പങ്കുവച്ചവർക്കെതിരെ നടപടിയെടുക്കുന്നത്‌ ജനാധിപത്യ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്ത നടപടി: ആം ആദ്മി പാർട്ടി.

തെരെഞ്ഞെടുപ്പു കമ്മീഷന്റെ സർക്കുലറിൽ ബിജെപിയുടെ സീൽ വന്ന സംഭവം തെരെഞ്ഞെടുപ്പു കമ്മീഷൻ എന്ന ഭരണഘടനാ സ്ഥാപനത്തിനു നാണക്കേടാണ്‌. ക്ലറിക്കൽ തെറ്റ്‌ എന്നാണു കമ്മീഷന്റെ വിശദീകരണം. ക്ലറിക്കൽ തെറ്റ്‌ സംഭവിക്കുമ്പോൾ പോലും അത്‌ ബിജെപിയുടെ തന്നെ സീൽ ആവുന്നത്‌ എങ്ങനെയാണ്‌? സാമാന്യയുക്തിക്കു നിരക്കാത്ത കാര്യങ്ങൾ ആണ്‌ സംഭവിക്കുന്നത്‌.

എന്താണു യഥാർത്ഥത്തിൽ സംഭവിച്ചത്‌ എന്നു അന്വേഷിച്ചു കണ്ടുപിടിക്കുകയും അക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്താലേ ജനങ്ങൾക്കിടയിൽ തെരെഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത സംരക്ഷിക്കപ്പെടുകയുള്ളൂ. അതിനു കമ്മീഷന്റെ അഭ്യന്തര അന്വേഷണവും നടപടിയും പര്യാപ്തമാവില്ല. അതിനാൽ ഇക്കാര്യത്തിൽ ഒരു ക്രിമിനൽ അന്വേഷണം വേണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു.

അത്തരം അന്വേഷണങ്ങൾക്കു ശുപാർശ ചെയ്യേണ്ട കമ്മീഷൻ പക്ഷേ ആ സർക്കുലർ പൊതുജനം കാണാതിരിക്കാനാണു ശ്രമിക്കുന്നത്‌. ഇതു ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്മേനുള്ള കടന്നുകയറ്റമാണ്‌. തെരെഞ്ഞെടുപ്പു കമ്മീഷൻ എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെ അന്തസ്സിനേക്കാൾ, സത്യം അറിയാനുള്ള ജനങ്ങളുടെ അവകാശമാണ്‌ ജനാധിപത്യം സംരക്ഷിക്കാൻ അത്യാവശ്യമായത്‌ എന്ന് ആ ഭരണഘടനാ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ചുമതലക്കാർ തിരിച്ചറിയണമെന്ന് അഭ്യർത്ഥിക്കുന്നു. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ തടസ്സപ്പെടുത്തുന്നതിൽ ആം ആദ്മി പാർട്ടി പ്രതിഷേധിക്കുന്നു. സർക്കുലർ പങ്കുവച്ചവർക്കെതിരേ എടുത്തുവരുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഉടൻ നിർത്തിവക്കണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു.

തെറ്റു വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനൽ നടപടി എടുക്കേണ്ടതിനു പകരം, വാർത്ത പങ്കുവച്ചവർക്കെതിരെ നടപടിയെടുക്കുന്നത്‌ ജനാധിപത്യ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്ത നടപടിയാണ്‌.

ഷൈബു മഠത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.