ചൂൽ വിപ്ലവം 2019 – Broom Revolution 2019 – CurtainRaiser Planning

ആംആദ്മിപാര്‍ട്ടി എറണാകുളം നിയോജകമണ്ഡലം:

‘ചൂൽ വിപ്ലവം 2019’ ന്‍റെ ഭാഗമായി എറണാകുളം ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട എറണാകുളം മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി എറണാകുളം നിയോജക മണ്ഡലം ഭാരവാഹികളുടെ യോഗം 2016 ജൂലായ് 3 നു വൈകിട്ട് 3 മണിക്ക് എറണാകുളം പിഡബ്ല്യുഡി  റസ്റ്റ്‌ഹൗസിൽ വെച്ച് ചേര്‍ന്നു.

മണ്ഡലം കണ്‍വീനര്‍ ശ്രീ.സണ്ണി അലന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇടക്കാല  സംസ്ഥാന സമിതിയംഗങ്ങളായ ശ്രീ.അരുൺ ജോസഫ്, ശ്രീ.പോൾ ജോസഫ്, ശ്രീ.അശോക് ജോർജ്ജ്, ജില്ലാ കണ്‍വീനര്‍ ശ്രീ.ഷക്കീർ അലി എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ശ്രീ.ജോൺ ജേക്കബ്ബ് സ്വഗതം ആശംസിച്ചു.

image

Posted in Ernakulam - News, General | Tagged , , | Comments Off on ചൂൽ വിപ്ലവം 2019 – Broom Revolution 2019 – CurtainRaiser Planning

#Broom_Revolution2019 (ചൂൽ_വിപ്ലവം):

To Register Click on the Link 

  1. Register
  2. Login
  3. Click on Campaign
  4. Join the Campaign (Mention the dates you are willing to Join)

RegisterAsVolunteer

2Campaign

 

SelectTheVoluynteeringDates

 

 

An open appeal on #Broom_Brigade

പ്രിയ സഹയാത്രികരെ,

സുതാര്യതയുടെ പടച്ചട്ട അണിഞ്ഞു, ക്രിയാത്മകമായ സമീപനത്തിലൂടെ പ്രതിരോധിക്കേണ്ടവ പ്രതിരോധിച്ചും ബദൽരേഖ അവതരിപ്പിച്ചും, ഇനി ആം ആദ്മി പാർട്ടി കേരളത്തിൽ ഒരു ജനകീയ പ്രതിപക്ഷമാവുകയാണല്ലോ. #Shadow_Cabinet (#നിഴൽ_മന്ത്രിസഭ) ആണല്ലോ നമ്മുടെ പ്രധാന ആയുധം. അതിനുള്ള അണിയറ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.

#Broom_Revolution2019 (ചൂൽ_വിപ്ലവം):

2019 ലോകസഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ പൂർണ്ണ സജ്ജമാക്കുവാൻ വേണ്ടി, അസ്സെംബ്ലി തലംതൊട്ടു കീഴ്ഘടകങ്ങളിൽ ഊർജ്ജസ്വലമായ, ചിട്ടയോടെയുള്ള പ്രവർത്തനരീതി ഉണ്ടാക്കിയെടുക്കുവാൻ, നാളെയുടെ പ്രതീക്ഷയായ ചെറുപ്പക്കാർക്ക് പ്രചോദനം നൽകികൊണ്ട്, സംസ്ഥാന സെക്രട്ടറിയേറ്റിലെ യുവതുർക്കികളുടെ സഹായത്തോടെ രൂപകൽപന ചെയ്ത #Broom_Revolution2019 (ചൂൽ_വിപ്ലവം 2019) എന്ന ഒരു സ്വപ്ന പദ്ധതിയുടെ പണിപ്പുരയിലാണ് ഇപ്പോൾ ഇടക്കാല സംസ്ഥാന സമിതി. ഓരോ ജില്ലയിലേയും തിരഞ്ഞെടുത്ത ഒരു അസംബ്ലി മണ്ഡലത്തിൽ 25 തൊട്ടു 30 ദിവസമോ അതിൽ കൂടുതലോ തുടർച്ചയായ ഫലപ്രദമായുള്ള രാഷ്ട്രീയ-സംസ്‌കാരിക ഇടപെടലാകും #Broom_Revolution2019 (ചൂൽ_വിപ്ലവം 2019). മൊത്തം 4-5 മാസങ്ങൾക്കുള്ളിൽ കേരളത്തിലെ 14 ജില്ലാകളിലും പൂർത്തിയാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അംഗത്വം വർധിപ്പിക്കുക, ധന സമാഹാരണം കൃത്യമാക്കുക, എല്ലാറ്റിനും ഉപരി, ആം ആദ്മി രാഷ്ട്രീയത്തിന്റെ പ്രസക്തി വരച്ചു കാട്ടുക എന്നിങ്ങനെയുള്ള അതിപ്രധാന ലക്ഷ്യങ്ങളാണ് ഈ പദ്ധതിക്ക്.
പല ഘട്ടങ്ങളിലായി ആണ് പദ്ധതി രൂപ കല്പന ചെയ്തിരിക്കുന്നത്. ആദ്യഘട്ടം, എറണാകുളത്ത് ജൂലൈ 15ന് തുടങ്ങി ആഗസ്റ്റ് 15ന് അവസാനിക്കുമാറാണ് ആസൂത്രണം ചെയ്യുന്നത്.

#Broom_Brigade (ചൂൽ പട):
ഈ പദ്ധതികൾക്കെല്ലാം നമുക്ക് വേണ്ടത്, അർപ്പണ ബോധമുള്ള നിസ്വാർത്ഥരായ വളന്റീയര്മാരെയാണ്. ഈ ലക്‌ഷ്യം സാക്ഷാക്കരിക്കുന്നതിന്ന്, IST മുന്നോട്ടു വെക്കുന്ന ആശയമാണ് #Broom_Brigade. ഈ പദ്ധതികളുടെ പതാക വാഹകരായ അതാത് ജില്ലകളിലെയും അസംബ്ലി മണ്ഡലങ്ങളിലെയും ചുമതല വഹിക്കുന്നവരുമായി സഹകരിച്ചും സംസ്ഥാന സെക്രട്ടറിയേറ്റിന്റെ മേൽനോട്ടത്തിൽ ഏകീകരണത്തിനും ക്രോഡീകരണത്തിനും സഹായിച്ചും സന്നദ്ധമുള്ള ചുരുങ്ങിയത് 50 പേരടങ്ങുന്ന ബ്രിഗേഡ്. More the merrier!

ഇത് ഒരു സുവർണ്ണാവസാരമാണ്. നല്ല നാളെയുടെ ചരിത്രത്തിന്റെ ഭാഗമാകാനുള്ള അവസരം. ഘട്ടംഘട്ടമായി നടക്കുന്ന #Broom_Revolution2019 (ചൂൽ_വിപ്ലവം) ന്റെ ആദ്യഘട്ടത്തിൽ (ജൂലൈ 15 തൊട്ടു ആഗസ്റ്റ് 15വരെ), ചൂൽപടയിൽ (Broom Brigade) അണിചേരാൻ താല്പര്യമുള്ളവരെയാണ് ഇപ്പോൾ റിക്രൂട്ട് ചെയ്യുന്നത്.

സംസ്ഥാനത്തിനകത്തും പുറത്തുനിന്നും അതുപോലെ വിദേശരാജ്യങ്ങളിൽ നിന്നും അങ്ങിനെ താൽപര്യമുള്ള അർപ്പണബോധമുള്ള ആർക്കും ഇതിൽ അംഗമാകാൻ കഴിയണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ കുടുംബപരവും തൊഴിൽപരവും ആയ കാരണങ്ങളാൽ എല്ലാവർക്കും ഒരുപോലെ, ഒരു മാസത്തോളം ഒന്നിച്ചു കൂടെ ചേരാൻ കഴിയില്ലെന്നു മനസിലാക്കുന്നു. അത്തരക്കാർ, അവർക്കു ചൂൽപടയിൽ ചേരാൻ സാധിക്കുന്ന മണിക്കൂറുകൾ, ദിവസങ്ങൾ അല്ലെങ്കിൽ ആഴ്ചകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

അതേസമയം, ഒരു മാസം മുഴുവൻ താല്പര്യം കാണിക്കുന്നവരും നമ്മുടെ കൂടെയുണ്ടല്ലോ. അങ്ങിനെ മുന്നോട്ടുവന്നു രജിസ്റ്റർ ചെയ്യുന്നവർക്ക്, അവരുടെ യാത്രാചിലവ്, ഭക്ഷണം, താമസം എന്നിവ സംസ്ഥാന സമിതി ഒരുക്കുന്നതാണ്. ഓർക്കുക, ഇത്രയും പേർക്കുള്ള പരിശീലനമടക്കമുള്ള കാര്യങ്ങൾ ഒരുക്കാൻ സമയം കിട്ടേതുണ്ട്.

താല്പര്യമുള്ളവർ മുൻകൂട്ടി ജൂലൈ 10 ന് മുമ്പായി തന്നെ രജിസ്റ്റർ ചെയ്യേണ്ടതാണ്.

രജിസ്റ്റർ ചെയ്യാൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മുനീർ അസ്സൈനാറിനെ ബന്ധപ്പെടുക.
(8089610092, m4mune@gmail.com)

പ്രതീക്ഷയോടെ,

നിങ്ങളുടെ കൺവീനർ

സി. ആർ. നീലകണ്ഠൻ
ആം ആദ്മി പാർട്ടി കേരളം

Posted on by AAPKaReporter | Comments Off on Join the Broom Brigade

“All Political parties to make their stand clear with respect to the order from State Information Commission” CR Neelakandan

Cabinet decisions come under RTI Act, be published on Govt. website: Information Commission

*വിവരാവകാശ കമ്മീഷണര്‍ ഉത്തരവ് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണം: ആം ആദ്മി പാര്‍ട്ടി*
മന്ത്രിസഭാ തീരുമാനങ്ങള്‍ 48 മണിക്കൂറിനകം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന വിവരാവകാശ കമ്മീഷ്ണറുടെ ഉത്തരവിനെ ആം ആദ്മി പാര്‍ട്ടി സ്വാഗതം ചെയ്യുന്നു. മന്ത്രിസഭാ തീരുമാനങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം എന്നാവശ്യപെട്ട് കേരളം മുഴുവന്‍ പ്രചരണം നടത്തുകയും ഒപ്പുശേഖരണം നടത്തുകയും അത് ഗവര്‍ണര്‍ക്ക്‌ സമര്‍പ്പിക്കുകയും ചെയ്ത രാഷ്ട്രീയ കക്ഷിയാണ് ആം ആദ്മി പാര്‍ട്ടി. അതുകൊണ്ടുതന്നെ ഈ തിരുമാനത്തില്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ട്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നാല് മന്ത്രിസഭായോഗങ്ങളിലായി 250 ല്‍ പരം തീരുമാനങ്ങള്‍ എടുക്കുകയും അതില്‍ ഒന്നും തന്നെ പുറത്തുവിടുകയും ചെയ്യാതിരുന്ന സാഹചര്യത്തിലാണ് അത്തരമൊരു ആവശ്യം ഉന്നയിച്ചത്. മെത്രാന്‍ കായലും കരുണ എസ്റ്റെറ്റും സന്തോഷ്‌ മാധവന്റെ ഭൂമിയടക്കമുള്ള നിരവധി തീരുമാനങ്ങള്‍ ജനദ്രോഹപരവും പ്രകൃതിവിരുദ്ധവും ആയിരുന്നു എന്നതിനാലാണ് ജനങ്ങള്‍ ഇത്തരത്തില്‍ അറിഞ്ഞ് പ്രതികരിക്കാന്‍ അവസരം ഉണ്ടാകണം എന്ന് ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചത്.
ജനാതിപത്യ സര്‍ക്കാരുകളുടെ തീരുമാനങ്ങള്‍ വിവരാവകാശത്തിന്റെ ഒഴിവു കഴിവുകള്‍ പറഞ്ഞു ജനങ്ങളില്‍ നിന്ന് മറച്ചു വയ്ക്കുന്ന രീതി തെറ്റാണ് എന്ന് ആം ആദ്മി പാര്‍ട്ടി കരുതുന്നു. എന്നാല്‍ യു ഡി എഫ് നെ തോല്‍പ്പിച്ച് അധികാരത്തില്‍ എത്തിയ എല്‍ ഡി എഫ് സര്‍ക്കാരും അവരുടെ ഒരു മന്ത്രിസഭാ തീരുമാനവും ഇതുവരെ വെബ്സൈറ്റില്‍ ഇട്ടിട്ടില്ല. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ വിവരാവകാശ കമ്മീഷണര്‍ക്ക് നല്‍കുകയുണ്ടായി. എന്നിട്ടും ഒരു തീരുമാനം പോലും പ്രസിദ്ധീകരിക്കാതത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എപ്പോള്‍ വിവരാവകാശ കമ്മീഷണര്‍ ഈ തീരുമാനം എടുത്തിട്ടുള്ളത്. ഈ തീരുമാനം എല്ലാ അര്‍ത്ഥത്തിലും നടപ്പാക്കപ്പെടനം എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. മാത്രവുമല്ല സുതാര്യമായ ജനാതിപത്യ ഭരണത്തില്‍ തീര്‍ച്ചയായും മന്ത്രിസഭയുടെ തീരുമാനങ്ങള്‍ എന്തെന്നറിയാന്‍ ജനങ്ങള്‍ക്ക്‌ അവകാശമുണ്ട്‌. ആ അവകാശം സംരക്ഷിക്കുന്നതിനു ആം ആദ്മി പാര്‍ട്ടി അതിന്റെ പോരാട്ടം നിരന്തരം തുടരുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ അവരുടെ നിലപാട് ഉടനെ വ്യക്തമാക്കണം.
യു ഡി എഫും എല്‍ ഡി എഫും ബി ജെ പിയും അടക്കമുള്ള ഒരു രാഷ്ട്രീയ കക്ഷിയും ജനങ്ങള്‍ സത്യം അറിയുന്നതിനെ അംഗീകരിക്കുന്നില്ല. ഇക്കാര്യത്തി രാഷ്ട്രീയ കക്ഷികള്‍ അവരുടെ നിലപാട് വ്യക്തമാക്കണം. തന്നെയുമല്ല പൊതു പ്രസ്ഥാനങ്ങള്‍ എന്ന നിലയില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ആര്‍ ടി ഐ ക്ക് വിധേയമാകണം എന്ന കേന്ദ്ര വിവരാവകാശ കമ്മീഷ്ണറുടെ ഉത്തരവിനെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തിരിക്കുകയാണ് മിക്കവാറും എല്ലാ രാഷ്ട്രീയ കക്ഷികളും. ആം ആദ്മി പാര്‍ട്ടി മാത്രമാണ് ആര്‍ ടി ഐ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമാക്കണം എന്ന് ആവശ്യപെട്ടിട്ടുള്ളത്. ഈ സാഹചര്യത്തില്‍ വിവരാവകാശ നിയമത്തിന്റെ പരിപൂര്‍ണ സംരക്ഷണത്തിന് വേണ്ടി ജനങ്ങളുടെ ശക്തമായ പോരാട്ടങ്ങളും, ഇടപെടലുകളും ഉണ്ടാകണം എന്ന് പാര്‍ട്ടി അഭ്യര്‍ത്ഥിക്കുന്നു.

സി ആര്‍ നീലകണ്ഠന്‍
സംസ്ഥാന കണ്‍വീനര്‍
ആം ആദ്മി പാര്‍ട്ടി കേരളം

Posted in General | Tagged , , , , | Comments Off on “All Political parties to make their stand clear with respect to the order from State Information Commission” CR Neelakandan

Sad to see Raghuram Rajan go..

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തു നിന്നും രഘുരാം രാജനെ മാറ്റിയതിനു പിന്നില്‍ അടാനിയും അംബാനിയും അടങ്ങിയ ചങ്ങാത്ത മുതലാളിത്തം.

വന്‍കിട കുത്തകക്കാരില്‍ നിന്നും കിട്ടാക്കടമായ അഞ്ചു ലക്ഷം കോടി രൂപ പിരിച്ചെടുക്കാന്‍ പ്രമുഖ ബാങ്കുകളിന്മേല്‍ മേല്‍ രഘുറാം രാജന്‍ സമ്മര്ദ്ദം ചെലുത്തിയതിന്റെ ഫലമായി ബാങ്കുകള്‍ അതിനു ശ്രമിക്കുകയും കുത്തകകള്ക്ക് തങ്ങളുടെ വിലപിടിപ്പുള്ള ആസ്തികള്‍ പെട്ടെന്ന് വില്ക്കാന്‍ പ്രേരിപ്പിക്കപ്പെടുകയും ചെയ്തതാണ് അദ്ദേഹത്തിന്റെ സ്ഥാന നഷ്ടത്തിനു കാരണമായത്‌. ഇവര്‍ കൈവശം വച്ചിരിക്കുന്ന വിമാനത്താവളങ്ങള്‍, റോഡുകള്‍,തുറമുഖങ്ങള്‍, ഉരുക്ക് നിര്മാാണ ശാലകള്‍,സിമന്റ് ഫാക്ടറികള്‍, എണ്ണ ശുദ്ധീകരണശാലകള്‍, മാളുകള്‍ ,ഭൂമി ബാങ്കുകള്‍, കല്ക്കരി ഖനികള്‍, എണ്ണ ഖനികള്‍, എക്സ്പ്രസ് ഹൈവേകള്‍, റേഡിയോ തരംഗങ്ങള്‍ , കാറോട്ട മത്സര ടീമുകള്‍, ഹോട്ടലുകള്‍, സ്വകാര്യ വിമാനങ്ങള്‍ ,ചിലര്ക്ക് തങ്ങളുടെ അഭിമാനമായി കരുതിയിരിക്കുന്ന കോര്‍പരേറ്റ് ആസ്ഥാന മന്ദിരം വരെ ഇതിനായി വില്‍ക്കേണ്ടി വന്നു. പ്രധാന പത്ത് കമ്പനികള്ക്ക് വിറ്റ് തുലക്കേണ്ടി വന്നത് രണ്ടു ലക്ഷം കോടി രൂപയുടെ ആസ്തികളായിരുന്നു. അവരുടെ സമ്മര്ദ്ദ മാണ് രഘുറാം രാജനെ മാറ്റാന്‍ മോഡിയെ പ്രേരിപ്പിച്ചത് എന്ന് തിര്ച്ച.

സി.ആര്‍ നീലകണ്ഠന്‍.
എഎപി സംസ്ഥാനസമിതി കണ്‍വീനര്‍

Posted in General | Tagged , | Comments Off on Sad to see Raghuram Rajan go..

AAP Kalamassery Media Convener Shri V B Aboobacker passes away

ആംആദ്മിപാര്‍ട്ടി കളമശ്ശേരി നിയോജകമണ്ഡലം, അറിയിപ്പ്:

ആംആദ്മിപാർട്ടി കളമശ്ശേരി മുനിസിപ്പൽ കമ്മിറ്റി അംഗവും കളമശ്ശേരി മണ്ഡലം മീഡിയ ടീം കൺവീനറുമായ ശ്രീ. വി.ബി. അബൂബക്കർ (52 വയസ്സ്) ഇന്ന് (18.06.2016) വെളുപ്പിന് നിര്യാതനായി.

കബറടക്കം ഇന്ന് 2.30 മണിക്ക് എച്ച്എംടി കമ്പനിയുടെ സ്റ്റോറിനും എച്ച്.എം.ടി. സ്ക്കൂളിനും  അടുത്തുള്ള പാലക്കാമുകള്‍ ജുമാ മസ്ജിദില്‍ നടക്കും..
ഏവരും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു…

വിശദ വിവരങ്ങള്‍ക്ക്:
പോള്‍ തോമസ്‌:
ഫോണ്‍: 9895970992

*പരേതനായ ശ്രീ.അബൂബക്കറിന് ആംആദ്മിപാര്‍ട്ടി എറണാകുളം ജില്ലയുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു
അതോടൊപ്പംതന്നെ അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പാര്‍ട്ടിയും പങ്കുചേരുന്നു*

Posted in Ernakulam - News | Comments Off on AAP Kalamassery Media Convener Shri V B Aboobacker passes away

രാഹുൽ ബേബി ജോൺ – ഒരു ഓർമ്മക്കുറിപ്പ്

രാഹുൽ ബേബി ജോൺ ഒരു ഓർമ്മക്കുറിപ്പ്

( 15ജൂൺ2016 ന്, മൃതസംസ്കാര ചടങ്ങുകൾക്ക് ശേഷം നടന്ന അനുശോചന യോഗത്തിൽ ആം ആദ്മി പാർട്ടിക്ക് വേണ്ടി വായിക്കപ്പെട്ടത്)
———————————————————————-———————————-

ഒരാളുടെ സാന്നിദ്ധ്യം ഒരു സ്വാധീനം ചെലുത്തുന്നില്ലെങ്കിൽ, അസാന്നിദ്ധ്യം കൊണ്ട് ഒന്നും സംഭവിക്കാനില്ല. രാഹുൽ നീ ഇതിന് ഒരു അപവാദമാണ്. നിന്റെ അസാന്നിദ്ധ്യം കൊണ്ടുണ്ടായ വിടവ് നികത്താൻ  സാധിക്കുമെന്ന് കരുതുന്നില്ല. പക്ഷേ രാഹുൽ നിനക്ക് തുടർച്ചയുണ്ടാകും… തീർച്ച

8 മാസങ്ങൾക്കു മുമ്പ് ഇഹലോക വാസം വെടിഞ്ഞ കോപ്പറേറ്റീവ് വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന ബേബി ജോണിന്റെയും ഹൈസ്കൂൾ അധ്യാപികയായി വിരമിച്ച ചിന്നമ്മ ബേബി ജോണിന്റെയും മൂത്ത മകൻ ആയ രാഹുൽ, കഴിഞ്ഞ ഫെബ്രുവരിയിൽ ആണ്
പെരിയാരം മെഡിക്കൽ കോളേജിൽ house സർജൻസി ചെയ്യുന്ന Dr. റിനിയെ വിവാഹം ചെയ്തത്. രാഹുലിന്റെ കൊച്ചനുജത്തി Dr. ഹരിത ബേബി ജോൺ.

ഒരു കാലത്ത് കോൺഗ്രസ്സിന്റെ തല മുതിർന്ന നേതാക്കളിലൊരാളായിരുന്ന ഒ സി ജോണിന്റെ മൂല്ല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ നന്മകൾ ഒട്ടും കൈവിടാതെ പുതുതലമുറയിലേക്ക്
തന്റേതായ വ്യക്തിഗത മുദ്രകളുമായി കടന്നു വന്ന സാധാരണക്കാരന്റെ പ്രതിനിധിയായിരുന്നു അദ്ദേഹത്തിന്റെ ചെറുമകനായ രാഹുൽ ബേബി ജോൺ. തന്റേതായ രീതിയിൽ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും നിലപാടുകളും പ്രകടിപ്പിച്ചിരുന്ന രാഹുൽ ബേബി ജോൺ സാമൂഹ്യ മാറ്റത്തിന് ഊന്നൽ നല്കിക്കൊണ്ട് ക്രിയാത്മകമായ പല ഗവേഷണങ്ങളിലും പഠനങ്ങളിലും ഏർപ്പെട്ടിരുന്നു. സാധാരണക്കാരന് നീതിയുറപ്പാക്കാനും അവസരങ്ങളിൽ തുല്യതയുണ്ടാക്കാനും സുരക്ഷിതമായി ജീവിക്കാനും കഴിയുന്ന വിധത്തിൽ നമ്മുടെ ഭരണഘടനയിൽ മാറ്റം ഉണ്ടാക്കാനും നിലവിലുള്ള ചട്ടങ്ങൾ പാലിക്കപ്പെടാനും വേണ്ടി കരട് രേഖകളും നിയമങ്ങളും ഉണ്ടാക്കാനും ബദൽ സംവിധാനങ്ങൾ നിർദ്ദേശിക്കാനും വേണ്ടി അദ്ദേഗം അഹോരാത്രം പണിപ്പെട്ടു. അദ്ദേഹത്തിന്റെ ജനാധിപത്യത്തിലധിഷ്ഠിതമായ ക്രിയാത്മക നിർദ്ദേശങ്ങൾ പകരം വെക്കാനാവാത്തവയാണ്. സാമൂഹ്യ മാധ്യമങ്ങിലൂടെ തന്റെ ആശയങ്ങളേയും ലക്ഷ്യങ്ങളേയും പറ്റി അദ്ദേഹം ജനങ്ങളെ നിരന്തരം ഉത്ബോധിപ്പിച്ചു കൊണ്ടിരുന്നു.

ആം ആദ്മി പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം രാഷ്ട്രീയാതീതമായ ഒരു മനുഷ്യ സ്നേഹത്തിന്റെ പ്രതീകമായിരു:ന്നു. രാഹുലിനെ പോലുള്ളവർ വിദേശത്തു നിന്ന് കൊണ്ട് തന്നെ ഈ സാമൂഹ്യ വിപ്ലവത്തിനെ അതിന്റെ പൂർണതയിൽ എത്തിക്കാൻ പരിശ്രമിച്ചു. സൗദിയിൽ തന്റെ ജോലി തിരക്കുകൾക്കിടയിലും വിശ്രമ വേളകളിലും പരമാവധി സമയം കണ്ടെത്താൻ അദ്ദേഹം ശ്രമിച്ചിരുന്നു.

ആം ആദ്മി പാർട്ടി ദേശീയ സമിതിയുടെ കമ്യുണിക്കേഷൻ ടീമിലെ അംഗമായിരുന്നു രാഹുൽ ബേബി. സോഷ്യൽ മീഡിയയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി നിരന്തരം പ്രയത്നിച്ച രാഹുൽ, അതിവിശാലമായ ഒരു സൗഹൃദവലയം തന്നെ ശൃഷ്ടിച്ചു, എന്നത് ശ്രദ്ധേയമാണ്.  വിവിധ മേഖലകളിലെ വിദഗ്ദ്ധരുമായുള്ള സംവാദം, ഗവേഷണം, പഠനം  അങ്ങിനെ മുഴുവൻ സമയവും ക്രിയാത്മക പ്രവർത്തനങ്ങളിൽ മുഴുകി, കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയ സാമൂഹിക അവസ്ഥ രാഹുൽ നന്നേ മനസ്സിലാക്കിയിരുന്നു. കേരളത്തിലെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്നും അതിന്റെ പരിഹാരങ്ങൾ എന്തൊക്കെയാണെന്നും കഴിഞ്ഞ കുറെ കാലമായി അദ്ദേഹം ഗവേഷണ പഠനങ്ങളിലായിരുന്നു. ഈ അറിവുകളും, തന്റെ ഗവേഷണങ്ങളും,  രാജ്യത്തിനും വരും തലമുറക്കും വേണ്ടി സമാഹരിച്ചു കരട് നിയമങ്ങളായി ഇതിനകം തന്നെ പൊതുജന മധ്യത്തിലെത്തിക്കുന്നതിന്റെ ഭാഗമായി, പ്രവർത്തകർക്കിടയിൽ ചർച്ചക്ക് വെക്കുകയുണ്ടായി.

വിദ്യാഭ്യാസ മേഖലയിലെ, പ്രെെവറ്റ് സ്കൂൾ ഫീസ് വർദ്ധനവ് നിയന്ത്രിക്കുന്നതിനുള്ള കരട് ബിൽ രാഹുലിന്റെ സ്വപ്നമായിരുന്നു. സ്കൂൾ മേഖലയിലെ ഫീസ് നിയന്ത്രണത്തിന് ‘ട്രായി’ പോലുള്ള ഒരു സ്വതന്ത്ര നിയന്ത്രണ സംവിധാനം കൊണ്ടുവരണമെന്നും അതിന്റെ ഘടന എങ്ങനെയായിരിക്കണമെന്നും ദീർഘവീക്ഷണത്തോടെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപംകൊടുത്ത ബില്ലിൽ രേഖപ്പെടുത്തി. അതിനായി തനിക്കു കിട്ടാവുന്ന വിഭവങ്ങൾ അത്രയും ഉപയോഗപ്പെടുത്തി, ഒരു പാട് സമയം ചിലവൊഴിച്ച് ഈ ചെറു പ്രായത്തിൽ വളരെ ശക്തമായ ഒരു കരട് രേഖ തയ്യാറാക്കുന്നതിൽ അദ്ദേഹം വലിയൊരു പങ്ക് വഹിച്ചു. ഒരു പ്രെെവറ്റ് സ്കൂൾ പേരൻസ് അസോസിയേഷൻ രൂപീകരിക്കുന്നതിനുള്ള ചർച്ച നടന്നുകൊണ്ടിരിക്കുകയുമായിരിന്നു.

പെരുമ്പാവൂർ ജിഷ വിഷയം ഉയർത്തിയ സ്ത്രീ സുരക്ഷ പ്രശ്നങ്ങളിൽ, കേരളത്തിൽ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചകൾ വന്നപ്പോൾ അദ്ദേഹം ശക്തമായ ഒരു സ്ത്രീ സുരക്ഷാ ബില്ല് കൊണ്ട് വരാൻ പ്രയത്നിച്ചു. വിവിധ രാജ്യങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങൾ പരിശോധിക്കുകയും അവയിൽ നിന്ന് എട്ടോളം രാജ്യങ്ങളെ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും അതോടൊപ്പം തന്നെ വർമ്മ കമ്മീഷൻ ഉൾപ്പടെയുള്ള മൂന്ന് കമ്മീഷനുകളുടെ ശുപാർശകൾ പഠിക്കുകയും അവയെല്ലാം തന്നെ ക്രോഡീകരിച്ചു കൊണ്ട് പുതിയ വനിതാ സുരക്ഷാ ബില്ല് ഡ്രാഫ്റ്റ് ചെയ്യുന്നതിന്റെ പണിപ്പുരയിലായിരുന്നു  അദ്ദേഹം.

എല്ലാവർക്കും ആരോഗ്യമെന്ന ആശയവുമായി ആരോഗ്യ മേഖലയിലെ പ്രത്യേകിച്ചും സ്വകാര്യ മേഖലയിലെ ചൂഷണങ്ങൾക്കെതിരെയും അതുപോലെ തന്നെ സർക്കാർ ആശുപത്രികളിലെ സേവനം സ്വകാര്യ മേഖലയോട് കിടപിടിക്കുന്ന തരത്തിൽ മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഉതകുന്ന തരത്തിൽ കരട് നിയമനിർമ്മാണം ആരഭിച്ചിരുന്നു.

അഴിമതി ഉൻമൂലനം ചെയ്യുന്നതിന്റെ ഭാഗമായി, ഡൽഹി മാതൃകയിൽ ഒരു ജനലോക്പാൽ ബിൽ കേരളത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് നിർമിക്കുന്നതിനു വേണ്ടിയുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു അദ്ദേഹം. അതേ സമയം കേരളത്തിൽ ജൻ ലോക്പാൽ ബില്ലിന് കാലതാമസം നേരിട്ടേക്കാമെന്നുള്ളതുകൊണ്ട് ഈ പുതു രഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമായി ഒരു സ്വതന്ത്ര സർക്കാരിതര അഴിമതിവിരുദ്ധ അന്വേഷണ ഏജൻസി “Anti-corruption Wing” രൂപീകരിക്കുന്നതിലും പ്രവർത്തന്ന രൂപരേഖ ഉണ്ടാക്കിയെടുക്കുന്നതിലും രാഹുലിന്റെ പങ്ക് വാക്കുകൾക്കതീതമാണ്.

ഇത്തരത്തരത്തിലുള്ള നിയമ നിമ്മാണമടക്കമുള്ള അതിവിദഗ്ധർ കൈകാര്യം ചെയ്യേണ്ടുന്ന കാര്യങ്ങൾക്ക് വേണ്ടി വിവിധ മേഖലയിലെ പ്രഗത്ഭരെയും വളണ്ടീയർമാരെയും ഉൾപ്പെടുത്തി ഗവേക്ഷണ വിഭാഗത്തിന് നേതൃത്വം കൊടുത്തു വരുകയായിരുന്നു രാഹുൽ. ഇത്തരത്തിൽ രൂപപ്പെടുന്ന ഈ ബില്ലുകൾ ജനകീയ ചർച്ചക്കു വേണ്ടി അവതരിപ്പിക്കുകയും തുടർന്ന് വന്നേക്കാവുന്ന നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി വീണ്ടും വിദഗ്ദ്ധാഭിപ്രായം തേടിയ ശേഷം സർക്കാരിന് വിടാനായിരുന്നു പദ്ധതി. ഈ സ്വപ്ന പദ്ധതിയിലെ ഏറ്റവും പ്രധാന ശ്രേണിയും എല്ലാവർക്കും പ്രചോദനവും രാഹുൽ തന്നെയായിരുന്നു.

കേരളത്തിൽ എല്ലാവർക്കും പാർപ്പിടമെന്നത് ഒരു സങ്കീർണ്ണമായ സാമൂഹ്യ വിഷയമാണ്. ഈ മഹത്തായ ലക്ഷ്യത്തിനായി, സാധാരണക്കാർക്ക് പ്രാപ്യമാകുന്ന രീതിയിൽ തികച്ചും നൂതന സാങ്കേതിക വിദ്യയുപയോഗിച്ച് ചിലവു കുറഞ്ഞ വീടുകളുടെ നിർമ്മാണത്തിനായി അതിവിദഗ്ദ്ധരുടെ ഒരു കൂട്ടായ്മയുണ്ടാക്കുന്നതിന് രാഹുൽ മുൻകൈയെടുത്തിരുന്നു.

രാഹുൽ നമ്മെ പിരിഞ്ഞ അന്നേ ദിവസം അതി രാവിലെ പോലും കേരളത്തിന്റെ ബഡ്ജറ്റ് പഠനത്തിനും ഗവേഷണത്തിനും ഒരു ടീം ഉണ്ടാക്കി അവർക്കു വേണ്ട നിർദ്ദേശങ്ങൾ കൊടുത്ത് കൊണ്ടിരുന്നിരുന്നു.

ഈ പുതിയ രാഷ്ട്രീയ സംസ്കാരം ആഗ്രഹിക്കുന്ന ഏതൊരാൾക്കും എപ്പോൾ വേണമെങ്കിലും സംശയങ്ങൾ ദുരീകരിക്കാനും മാർഗ നിർദേശങ്ങൾ നല്കാനും സന്നദ്ധനായിരുന്നു രാഹുൽ.

രാഹുലുമായി ഒരു നേരം സംസാരിച്ചാൽ, ഒരു മെസ്സേജ് അയച്ചാൽ അവനുമായി അവിടെ ഒരു വൈകാരിക ആത്മബന്ധം ഉടലെടുക്കുകയായി. ആ വൈകാരിക ബന്ധമാണ്  സംസ്ഥാനത്തിന്റെ ഒരറ്റം തൊട്ടും വിവിധ സംസ്ഥാനങ്ങളിൽ നിന്നും, ഗൾഫ് രാജ്യങ്ങളിൽ നിന്നുമൊക്കെയുള്ള സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും ഇവിടെ എത്തിച്ചത്.

ആദ്യമായി പരിചയപ്പെടുന്ന ആളെന്നോ, സ്ഥിരം കാണാറുള്ള ആളെന്നോ ഉള്ള വ്യത്യാസം രാഹുലിന് ഉണ്ടായിരുന്നില്ല. ഇവിടെ ഇരിക്കുന്ന പലരെയും അവന്റെ തന്നെ ഇഷ്ടത്തിന് ഓരോ ഓമന പേര് വിളിച്ചാണ് ഓരോ ഫോൺ കാളും മെസ്സേജും തുടങ്ങിയിരുന്നത്. ഞങ്ങളുടെ മേൽ അത്രയും സ്വാതന്ത്ര്യം അവനുണ്ടായിരുന്നു.

ഇത്രയും കാര്യപ്രാപ്തിയോടെ ഗഹനമായി ചിന്തിച്ച് കഠിനാധ്വാനം ചെയ്ത ഒരു വ്യക്തിയെ സ്വന്തം ജന്മദേശം പോലും എങ്ങനെ അറിയാതെ പോയി? ഇവിടെയാണ് രാഹുലിന്റെ നിസ്വാർത്ഥതയും അർപ്പണബോധവും, തന്റെ വ്യക്തിമുദ്ര പതിപ്പിക്കണമെന്ന നിർബന്ധമില്ലായ്മയും ഈ സ്വാർത്ഥ ലോകത്ത് വേറിട്ട് നല്കുന്നത്.

രാഹുലിന്റെ തീക്ഷ്ണവും ഊർജ്ജസ്വലവുമായ ഓർമ്മകൾ നിലനിർത്തുന്നതിനും ദൈനന്തിന പ്രവർത്തനങ്ങളിൽ പ്രജോദനമാകാനും ഞങ്ങൾ സഹപ്രവർത്തകരും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ പേരിൽ ചില പദ്ധതികൾ നടപ്പിലാക്കാൻ മനസ്സാൽ ആഗ്രഹിക്കുന്നു. കാരണം രാഹുലിന്റെ ചിന്തകൾക്കും ആശയങ്ങൾക്കും തുടർച്ചയുണ്ടാകണം.

അതേ രാഹുൽ,
നിനക്ക് തുടർച്ചയുണ്ടാകും… തീർച്ച.

“ബലികുടീരത്തിൽ നീ ഉറങ്ങുമ്പോഴും
ഇവിടെ നിൻ വാക്ക് ഉറങ്ങാതിരിക്കുന്നു
എവിടെ മർത്യൻ പിടയുന്നു മുക്തിക്കായി
അവിടെ നിൻ വാക്ക് കാവലായി നിൽക്കുന്നു”
ഒ എൻ വി

Posted in Kannur - News, News | Comments Off on രാഹുൽ ബേബി ജോൺ – ഒരു ഓർമ്മക്കുറിപ്പ്

അനുശോചനക്കുറിപ്പ്‌: രാഹുല്‍ ബേബി ജോണ്‍

സുഹൃത്തുക്കളെ,

താങ്ങാനാവാത്ത ഹൃദയ ഭാരത്തോട് കൂടിയാണ് ആണ് നമ്മുടെ പ്രിയ സുഹൃത്തും ആം ആദ്മി പാർട്ടിയുടെ ഏറ്റവും നല്ല വളണ്ടിയറുമായ രാഹുൽ ബേബി ജോണിന്റെ നിര്യാണ വാർത്ത നാം അറിയുന്നത്. ഈ യുവാവ് കേരളത്തിലെ ആം ആദ്മി പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട ധൈഷണിക ശക്തികളിൽ ഒന്നായിരുന്നു. നിരന്തരം അദ്ധ്വാനിച്ചു ഗഹനമായ വിഷയങ്ങൾ പഠിച്ച് കൃത്യമായ നിരീക്ഷണങ്ങൾ രൂപപ്പെടുത്താൻ രാഹുൽ കാണിച്ച സന്നദ്ധത ഏതു വളണ്ടിയർക്കും മാതൃകയാക്കാവുന്നതാണ്. ആം ആദ്മി പാർട്ടിയെയും കേരളത്തെയും പറ്റി എപ്പോഴും എന്ന പോലെഅദ്ദേഹം ചിന്തിക്കുകയും പഠിക്കുകയും അവയുടെ വളർച്ചക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്തിരുന്നു. വരും കാല കേരളത്തിന്റെ വിദ്യാഭ്യാസം ആരോഗ്യം സ്ത്രീ സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ കൊണ്ട് വരേണ്ട മാറ്റങ്ങൾ അതിനു വേണ്ട പുതിയ നിയമങ്ങൾ അവയുടെ കരട് തയ്യാറാക്കി ചർച്ചക്കായി അദ്ദേഹം നൽകിയിരുന്നു. രാഹുലിന്റെ വേർപാട് എല്ലാ അർത്ഥത്തിലും കേരളത്തിനും വിശേഷിച്ചു ആം ആദ്മി പാർട്ടിക്കും നികത്താനാവാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.

വളരെ കുറച്ചു മാസങ്ങളുടെ പരിചയമേ ഞാനും രാഹുലുമായി ഉണ്ടായിരുന്നുള്ളു. എന്നാൽ ആ ചെറിയ കാലം കൊണ്ട് അദ്ദേഹവുമായി ഒരാജന്മ സൗഹൃദം രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ദിവസേന എന്നോണം ഞങ്ങൾ തമ്മിൽ ചിലപ്പോൾ ഒന്നിൽ അധികം തവണ സംസാരിച്ചിരുന്നു. എല്ലായ്‌പ്പോഴും പാർട്ടിയുടെ വളർച്ചക്ക് വേണ്ടിയുള്ള വിഷയങ്ങൾ ആണ് സംസാരിച്ചിരുന്നത്. ഒരിക്കലും മറ്റൊരാളെ അധിക്ഷേപിക്കാനോ കുറ്റപ്പെടുത്താനോ അദ്ദേഹം തയ്യാറായിരുന്നില്ല. തീർത്തും കാര്യം മാത്രം പ്രസക്തമായി സംസാരിച്ചിരുന്ന രാഹുൽ, ആ വളണ്ടിയറുടെ അകാല വിയോഗം വഴി എനിക്ക് വക്തിപരമായി ഒരു സുഹൃത്തിനെയും പാർട്ടിക്ക് അതി ശക്തനായ ഒരു വളണ്ടിയറെയും ആണ് നഷ്ടപ്പെട്ടിരിക്കുന്നത്.

പാർട്ടിയുടെ നിർണായകമായ വളർച്ചയുടെ ഈ ഘട്ടത്തിൽ അദ്ദേഹത്തിൻറെ വേർപാട് നമുക്ക് ഒരിക്കലും നികത്താനാവാത്ത ഒരു വിടവ് തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഈ ഭീമമായ ആഘാതം താങ്ങാൻ അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബത്തിന് ശേഷി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അവരുടെ ദുഃഖത്തിൽ ആത്മാർത്ഥമായി പങ്കു ചേരുന്നു.

രാഹുലിന്റെ അകാല വേർപാടിൽ ആം ആദ്മി പാർട്ടിയുടെ കേരളത്തിലെ എല്ലാ വളണ്ടിയർമാർക്കും വേണ്ടി ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ പാർട്ടിയുടെ ദുഃഖാചരണത്തിന്റെ ഭാഗമായി അടുത്ത രണ്ടു ദിവസം പാർട്ടിയുടെ എല്ലാ പരിപാടികളും ഉപേക്ഷിച്ചിരിക്കുന്നു. എല്ലാ ഓഫീസുകളിലും നാം കരിം കൊടി ഉയർത്തിക്കൊണ്ടു നാം ദുഃഖം ആചരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. രാഹുലിന്റെ ജ്വലിക്കുന്ന ഓർമ്മകൾ നമ്മെ അദ്ദേഹം പ്രതീക്ഷിച്ചിരുന്നത് പോലെയുള്ളൊരു കേരളവും ആം ആദ്മി പാർട്ടിയും സൃഷ്ടിക്കുന്നതിന് പ്രയത്നിക്കാൻ പ്രേരിപ്പിക്കും എന്ന് കരുതട്ടെ. അദ്ദേഹത്തിന്റെ ആത്മാവിനു മുമ്പിൽ നിത്യ ശാന്തി നേർന്നു കൊണ്ട്….

സി ആർ നീലകണ്ഠൻ
കൺവീനർ
ആം ആദ്മി പാർട്ടി കേരളം.

13419137_1044110905683444_4015594136526981772_n

Posted in Kannur - News, News | 1 Comment