ആം ആദ്മി പാർട്ടി വികസന വിരോധികളാണോ ?

 

Q1.
ഗെയിൽ, അതിരപ്പിള്ളി, വിഴിഞ്ഞം, ബി.ഒ.ടി ചുങ്കപ്പാത, പോലുള്ള വികസന പദ്ധതികളുമായി ബന്ധപ്പെട്ടുളള സമരങ്ങളോടൊപ്പം ആണ് ആം ആദ്മി പാർട്ടി. ആം ആദ്മി പാർട്ടി വികസന വിരോധികളാണോ ?

ഉ:

ആം ആദ്മി പാർട്ടിയുടെ വികസന കാഴ്ചപ്പാടുക മനസ്സിലാക്കാൻ ഡൽഹിയിലെ ആം ആദ്മി സർക്കാറിന്റെ പ്രവർത്തനങ്ങളും നടപ്പിലാക്കിയിട്ടുള്ള പദ്ധതികളും ശ്രദ്ധിച്ചാൽ മതി. ഡൽഹിയി സർക്കാരിന്റെ പദ്ധതികൾക്കെതിരെ എന്തുകൊണ്ട് ജനകീയ സമരങ്ങൾ വരുന്നില്ല, odd even പോലുള്ള പരീക്ഷണങ്ങൾക്ക് പോലും ജനങ്ങൾ അനുകൂലമാണ്.
ഡൽഹിയിലെ വിവിധ ചേരികൾ ആം ആദ്മി സർക്കാർ ഇല്ലാതാക്കിയത് ജനങ്ങളെ കുടിയൊഴിപ്പിച്ചിട്ടല്ല. അവർക്ക് വേണ്ടിയുള്ള ഫ്ലാറ്റുകൾ മുൻകൂട്ടി പണിതു നൽകി അവരെ അങ്ങോട്ട് മാറ്റുകയാണുണ്ടായത്. ചുരുക്കത്തിൽ ജനങ്ങൾക്കുവേണ്ടിയുള്ള പദ്ധതികളും വികസനങ്ങളും ഒരിക്കൽപോലും അവർക്ക് മേൽ ബുദ്ധിമുട്ടുണ്ടാക്കാതെ ഒരു സമരങ്ങൾക്കും വഴിയൊരുക്കാതെ നടപ്പിലാക്കാൻ സാധിക്കും എന്ന് ആം ആദ്മി സർക്കാർ കാണിച്ചുതന്നിട്ടുണ്ട്.

കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ എന്തുകൊണ്ട് ഇത്രയധികം ജനകീയ സമരങ്ങൾ ഉയർന്നു വരുന്നു എന്ന് ഇതിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.

വികസന പദ്ധതികളിൽ കുടിയൊഴിപ്പിക്കലുകൾക്ക് പുറമേ പാരിസ്ഥിതിക വിഷയങ്ങളും അഴിമതിയും ജനകീയ പ്രക്ഷോഭങ്ങൾക്ക് കാരണമാകാറുണ്ട്.
നന്ദിഗ്രാം സിംഗൂർ സമരങ്ങൾ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഉയർന്ന വന്നതായിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതി ഇന്ന് കണ്ടതിൽ വച്ച് ഏറ്റവും വലിയ അഴിമതിയാണ്. മേധാ പട്കർ നേതൃത്വം നൽകുന്ന നർമദാ ബച്ചാവോ ആന്തോളൻ സമരത്തിൽ കുടിയൊഴിപ്പിക്കലുകലും പരിസ്ഥിതി വിഷയവും അഴിമതിയും ഒരുപോലെ വരുന്നുണ്ട്. അതിരിപ്പിള്ളി ജലവൈദ്യുതി പദ്ധതിക്ക് എതിരെ സമരങ്ങൾ ഉയരാൻ കാരണം പരിസ്ഥിതി നാശവും ആദിവാസി കുടിയൊഴിപ്പിക്കലുകൾ മാത്രമല്ല. സർക്കാർ മുടക്കുന്ന പണത്തിനനുസരിച്ച്, നശിപ്പിക്കപ്പെടുന്ന പരിസ്ഥിതിക്കനുസരിച്ച് ഉള്ള ഒരു ഗുണം ആ പദ്ധതിയിൽ നിന്ന് ഉണ്ടാകില്ല എന്ന് ഉറപ്പായിട്ടും ആ പണം കൊണ്ട് മറ്റു പല മാർഗങ്ങൾ നോക്കുകപോലും ചെയ്യാതെ അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന സർക്കാറിന്റെ വാശി കാരണമാണ്.

നമ്മുടെ രാഷ്ട്രീയക്കാർ പടച്ചുവിടുന്ന വികസന പദ്ധതികളിൽ മിക്കതും കൃത്യമായ ആസൂത്രണമോ കാര്യക്ഷമതയോ ശാസ്ത്രീയമായതോ അല്ല. മാത്രമല്ല ഒട്ടനവധി അഴിമതികൾ സാധ്യതകൾ ഉള്ളതാണ് താനും.

ഉദാഹരണത്തിന് എൻ എച്ച് 17ന്റെ 30 മീറ്റർ വികസനത്തിനായി ഇരുപതുവർഷം മുമ്പ് തങ്ങളുടെ വീടും കടയും സ്ഥലവും വിട്ട് കൊടുത്തവരായിരുന്നു നാം. എന്നാൽ ഇപ്പോഴും റോഡ് വികസനം യാഥാർഥ്യമായിട്ടില്ല. ഇപ്പോൾ വീണ്ടും സർക്കാർ റോഡ് 40 മീറ്റർ വീതിയിൽ പണിയാൻ പോകുന്നു എന്നു പറഞ്ഞ് അവരെ വീണ്ടും കുടിയൊഴിപ്പിക്കുന്നു. ഇതിനെതിരെ ജനകീയസമരം ഉയർന്നു വരിക സ്വാഭാവികമാണ്. അത് അവർ വികസന വിരോധികൾ ആയതുകൊണ്ടല്ല.

ഇത്തരത്തിലുള്ള സമരങ്ങൾക്ക് ആം ആദ്മി പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അവരുടെ കൂടെ സമരമുഖത്തേക്ക് ഇറങ്ങുകയും ചെയ്യുന്നു. കാരണം ജനങ്ങളെ സേവിക്കേണ്ട സർക്കാർ അവർക്കെതിരെ തിരിയുമ്പോൾ ജനങ്ങളുടെ കൂടെ നിൽക്കുക എന്നത് ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രീയപാർട്ടിയുടെയും കർത്തവ്യമാണ് എന്ന് ആം ആദ്മി പാർട്ടി വിശ്വസിക്കുന്നു അല്ലാതെ വികസന വിരോധികൾ ആയതുകൊണ്ടല്ല.

അടഞ്ഞ വികസന കാഴ്ചപാടുകളാണ് സര്‍ക്കാരുകളുടെത്. നിലവിലെ പദ്ധതികളൊന്നും വികസനത്തിന്റെ അവസാന വാക്കുകള്‍ അല്ല, ബദല്‍ മാര്‍ഗങ്ങളും, ശാസ്ത്രീയ പഠനങ്ങളും കൊണ്ട് അവ പരിസ്ഥിതിക്കും ജനങ്ങള്‍ക്കും കോട്ടം തട്ടാതെ, അഴിമതിയില്ലാതെ നടപ്പിലാക്കാന്‍ കഴിയും.
ആധുനിക മുനുഷ്യന്റെ വികസനം അങ്ങിനെയായിരിക്കണം.

Q2
ഗെയിൽ പൈപ്പ് ലൈൻ സമരത്തിൽ ആം ആദ്മി പാർട്ടി എന്തുകൊണ്ട് ജനങ്ങളുടെ കൂടെ നിൽക്കുന്നു ?

ഉ:

ഗെയിൽ വാതക പൈപ്പ്‌ലൈൻ എത്രത്തോളം സുരക്ഷിതമാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും ഉറപ്പുവരുത്താനും സർക്കാറിന് ഇനിയും കഴിഞ്ഞിട്ടില്ല. പദ്ധതി സ്ഥലം ഉപയോഗിക്കുന്നതിലും നഷ്ടപരിഹാരം നിര്‍ണയിക്കുന്നതിലും സര്‍ക്കാരും ഗയിലും ജനങ്ങളെ വഞ്ചിക്കുകയാണ്.

വ്യക്തമായ നിയമലംഘനം ഈ പദ്ധതി നടത്തിപ്പിൽ ഉണ്ട്. 1962 ലെ സെക്ഷന് 7 എ, ബി, സി വകുപ്പുകൾ പ്രകാരം ജനവാസ മേഖലയിലൂടെയോ ഭാവിയിൽ ജനവാസ പ്രദേശമാകാൻ സാധ്യതയുള്ളിടത്തോ പൈപ് ലൈൻ സ്ഥാപിക്കാൻ പാടില്ല. കോർപ്പറേറ്റുകളുടെ ലാഭക്കൊതിയും പെട്ടെന്ന് പദ്ധതി പൂർത്തീകരിക്കാനുള്ള മാർഗവുമായാണ് നിയമം അട്ടിമറിച്ച് ജനവാസ മേഖലകളിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നത്.
ഹൈകോടതി അഭിഭാഷക സമിതിയുടെ റിപ്പോര്‍ട്ട് ഇത്
ശരി വെക്കുന്നു. ഓരോ പ്രദേശത്തെയും സുരക്ഷ മാനദണ്ഡം
ഓരോ തരത്തിലാണ്, അതീവ ജനസാന്ദ്രതയുള്ളിടത്തു എടുക്കേണ്ട
മുന്‍കരുതലുകള്‍ അധികൃതര്‍ എടുത്തിട്ടില്ല എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അങ്ങേയറ്റം കുടിവെള്ള പ്രശ്നം ഉള്ള കേരളത്തിൽ
ഒരു കുടിവെള്ള പൈപ്പ് പൊട്ടിയാൽ പോലും അത് ശരിയാക്കാൻ സർക്കാരിനുള്ള ശുഷ്കാന്തി എത്രത്തോളമാണെന്ന് ബോധ്യമുള്ള ജനങ്ങൾക്ക് തങ്ങളുടെ വീടിന്റെ അടുത്ത് കൂടെ പോകുന്ന, കത്തി പിടിക്കാൻ സാധ്യതയുള്ള ( നിലവിലെ പാചകവാതകത്തിന്റെ കത്തിപിടിക്കാനുള്ള ശേഷിയുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെങ്കിലും) എൽ.എൻ.ജി പൈപ്പ് ലൈൻ പദ്ധതിയിൽ ആശങ്ക ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇതിന് ഉത്തരവാദി സർക്കാർ തന്നെയാണ്. പല വികസന പദ്ധതികളും തല തിരിഞ്ഞതും അഴിമതി നിറഞ്ഞതും ഉപയോഗശൂന്യവും ആണെന്ന് ജനങ്ങൾക്കറിയാം. ഇതിൽ എൽ.എൻ.ജി പൈപ്പ് ലൈൻ വിഷയത്തിൽ മാത്രം ജനങ്ങൾ സർക്കാരിനെ വിശ്വസിക്കണം എന്നു പറയുന്നതിൽ യുക്തിയില്ല. പദ്ധതി നിര്‍മ്മാണം ജനങ്ങള്‍ നേരിട്ട് കണ്ടു കൊന്ടിരിക്കുന്നു. ഇതിനു മുമ്പുണ്ടായ അപകടത്തിന്റെ കാരണം പറയുന്നത് അടുപ്പ് കത്തിച്ചു, ബീഡി വലിച്ചു എന്നൊക്കെയാണ്. പിന്നെ പൈപ്പ് കൊണ്ട് പോകുന്ന ഭൂമിയിന്മേലുള്ള നിബന്ധനകളും. ഇതെല്ലാം കൂടി ആകുമ്പോള്‍ ഭയപ്പാടിലാകുന്ന ജനങ്ങളെ മറിച്ചു വിശ്വസിപ്പിക്കാന്‍ സര്‍ക്കാരിനോ ഗയില്‍ ഉദ്യോഗസ്ഥര്‍ക്കോ കഴിഞ്ഞിട്ടില്ല.

ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയിൽ റൈറ്റ് ഓഫ് വെ ഉടമ്പടി പ്രകാരം ആണ് ഭൂമി ഉപയോഗിക്കുന്നത് എങ്കിലും, അവിടെ യാതൊരു വിധ നിർമ്മാണ പ്രവർത്തനത്തിൽ പാടില്ല എന്നും വളരെയേറെ നിബന്ധനകളോട് കൂടിയെ കൃഷി ചെയ്യാൻ പാടുള്ളൂ എന്നുമിരിക്കെ, തന്റെ ഇക്കാലമത്രയുമുള്ള ജീവിതത്തിൽ ആകെ സമ്പാദ്യമായുള്ള ഭൂമിയിൽ ഇത്രയും നിബന്ധനകൾ വരുമ്പോൾ ഭൂമിയുടെ വിലയും അവരുടെ ജീവിതത്തെയും ഇത് നേരിട്ട് ബാധിക്കുന്നു. അങ്ങിനെ ഒരു അവസരത്തിൽ ജനങ്ങൾ ഈ പദ്ധതിക്കെതിരെ സമരം ചെയ്യുന്നതിൽ അവരോട് അമർഷം കാണിക്കുന്നതിൽ കാര്യമില്ല. തുച്ഛമായ ഭൂമിയുള്ളവരെ ഈ പദ്ധതി സാരമായി തന്നെ ബാധിക്കുന്നു. സര്‍ക്കാര്‍ വാദിക്കുന്നതിനു വിപരീതമായി കിടപ്പാടം ഇല്ലാതായവരും പദ്ധതി കാരണം ഭാവി അനിശ്ചിതത്വത്തില്‍ ആയ ഒരുപാട് കുടുംബങ്ങള്‍ പ്രദേശത്ത് ഉണ്ട്.

സര്‍ക്കാര്‍ കൊടുക്കുന്ന നഷ്ട്ടപരിഹാര തുക നിശ്ചയിക്കുന്നതിലും അഴിമതിയുണ്ട്. 2014 ലെ അമെന്റ്മെന്റോട് കൂടിയ 1962 PMP ആക്റ്റ് പ്രകാരം ഒരു ഏകീകൃത തുക നഷ്ട്ടപരിഹാരമായി നിര്‍ണ്ണയിക്കാന്‍ പാടില്ല, സ്ഥലത്തിന്റെ പ്രാധാന്യം അനുസരിച്ചായിരിക്കണം മാര്‍ക്കറ്റ്‌ വില നിര്‍ണയിക്കേണ്ടത്, അതും നോടീസ് കൊടുക്കുന്ന തീയതി കണക്കാക്കി.
പക്ഷെ 2013 ലെ സര്‍ക്കാര്‍ ഓര്‍ഡര്‍ കാണിച്ചാണ് ഗയില്‍ തുക നിശ്ചയിക്കുന്നതും സ്ഥലം ഉപയോഗിക്കുന്നതും, ഇത് നിയമ വിരുദ്ധമാണ്.

ബദൽ മാർഗം അന്വേഷിക്കാതെ അതിരിപ്പിള്ളിക്ക് വേണ്ടി വാശി പിടിക്കുന്നതുപോലെ, ഗെയിൽ എൽഎൻജി പൈപ്പ് ലൈൻ പദ്ധതി യുടെ ബദൽ മാർഗങ്ങൾ ഭരണാധികാരികളും അധികൃതരും അന്വേഷിച്ചോ എന്ന് പോലും സംശയമാണ്.

ഒരു സർക്കാർ ഇടപെടലും ഇല്ലാതെ തന്നെ തങ്ങളുടെ ഭൂമി വഴിക്ക് വേണ്ടിയും മറ്റ് പദ്ധതികൾക്കും വേണ്ടിയും നഷ്ടപരിഹാരം പോലും വാങ്ങാതെ ഭൂമി വിട്ടുകൊടുത്തു ശീലമുള്ളവരാണ് അവിടുത്തെ ജനങ്ങൾ.

ഭരണാധികാരികൾ ജനങ്ങളുടെ ഭാഷ സംസാരിക്കാൻ പഠിക്കുന്നതുവരെ ഈ സമരങ്ങളുമുണ്ടാകും ആം ആദ്മി പാർട്ടി അവരോടൊപ്പവും.

Q3.

ഗെയിൽ എൽഎൻജി പൈപ്പ് ലൈൻ പദ്ധതിക്കെതിരെയുള്ള സമരം ബാഹ്യ ശക്തികൾ, തീവ്രവാദികൾ ഉണ്ടാക്കുന്നതാണ് എന്ന സർക്കാർ വാദത്തോട് ആം ആദ്മി പാർട്ടിയുടെ പ്രതികരണമെന്താണ് ?

വികസന പദ്ധതികളുടെ സ്വഭാവമനുസരിച്ച്, അവ നടപ്പിലാക്കുമ്പോൾ സർക്കാർ വരുത്തുന്ന വീഴ്ചകൾക്കനുസരിച്ച് ജനകീയ സമരങ്ങൾ ഉണ്ടായി വരിക എന്നത് സ്വാഭാവികമാണ്. കുടിയൊഴിപ്പിക്കപ്പെടും എന്ന ഭയമുള്ള, തന്റെ സ്വത്തിനും കുടുംബത്തിലും ഭീഷണിയായിട്ടുള്ള പദ്ധതികൾക്കെതിരെ ജനങ്ങൾ തെരുവിൽ ഇറങ്ങാൻ ഒരു ബാഹ്യശക്തിയുടെയോ തീവ്രവാദിയുടെയോ ആവശ്യമില്ല.
ഒരു ഘട്ടത്തിൽ ഈ സമരങ്ങളുടെ ഒപ്പം നിന്നവരാണ് ഇടതുപക്ഷ പാർട്ടികൾ. എന്നാൽ ഭരണം ലഭിച്ചപ്പോൾ അവർ അത് മനപ്പൂർവ്വം മറക്കുകയും സമരം ചെയ്യുന്ന ജനങ്ങളെ തീവ്രവാദികളെന്ന് ആക്ഷേപിക്കുകയുമാണ്.
ഈ സമരങ്ങൾ ജനകീയം അല്ല എന്ന് വരുത്തിത്തീർക്കാനുള്ള ഇടതുപക്ഷസർക്കാരിന്റെ ശ്രമങ്ങൾ ആണിതെല്ലാം.

ചെങ്ങറ – പുതുവൈപ്പിൻ – മൂന്നാർ സമരങ്ങളിൽ എല്ലാം തന്നെ ഇങ്ങനെ ബാഹ്യ ശക്തികളും തീവ്രവാദികളും ഉണ്ടെന്ന് ഇടതുപക്ഷ പാർട്ടികൾ പറഞ്ഞിരുന്നു. പ്ലാച്ചിമട സമരത്തിലും തീവ്രവാദികൾ ഉണ്ടെന്ന് ഇവർ പറഞ്ഞിരുന്നു. ആറന്മുള വിമാനത്താവളത്തിന് അന്ന് അനുമതി കൊടുത്തതും ഇതേ ഇടതുപക്ഷ സർക്കാർ ആണ്, പക്ഷേ ഭരണം ഒന്ന് കറങ്ങി വീണ്ടും കയ്യിൽ വന്നപ്പോൾ അതിനെതിരായി.
തങ്ങൾ നടത്തുന്ന സമരങ്ങൾ മാത്രമാണ് ജനകീയം എന്ന് വരുത്തിത്തീർക്കാനും മറ്റു സമരങ്ങൾ പൊളിക്കാനുള്ള ഇടതുപക്ഷ സർക്കാരിന്റെ അജണ്ടയുടെ ഭാഗമാണ് ഈ പ്രചരണങ്ങളെല്ലാം.

മലപ്പുറം ജില്ലയിലെ ജനങ്ങൾക്ക് വാക്സിൻ കുത്തിവെപ്പ് നോടുള്ള വിമുഖത ഗെയിൽ സമരത്തോട് ചേർത്തുപറഞ്ഞു ഇതെല്ലാം ബാഹ്യശക്തികളുടെ ഇടപെടൽ കൊണ്ടാണ് എന്ന് ഇടതുപക്ഷ സർക്കാർ പ്രചരിപ്പിക്കുന്നു. മലപ്പുറം പോലെയുള്ള ജില്ലകളിൽ വിദ്യാഭ്യാസം, ബാല്യ വിവാഹം, പ്രതിരോധ കുത്തിവപ്പ് ഇങ്ങനെയുള്ള സോഷ്യൽ കാമ്പയിനുകൾക്ക് സർക്കാർ ഊന്നൽ കൊടുത്തിരുന്നത് ഒരു ശക്തികളുടെയും ഇടപെടൽ കൊണ്ടായിരുന്നില്ല, പക്ഷേ അവിടുത്തെ സാമൂഹിക അവസ്ഥ കാരണമായിരുന്നു. ഇത് ഗെയിൽ സമരത്തോട് ചേർത്തു പറഞ്ഞു മലപ്പുറം ജില്ലയിലെ ജനങ്ങളുടെ വിദ്യാഭ്യാസ അവസ്ഥ ഇതുപോലുള്ള ശക്തികൾ മുതലെടുക്കുന്നു എന്നാണ് സിപിഎം ആരോപണം.

ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് എപ്രകാരമാണോ മലയാളിയുടെ അഭിമാനത്തെ ആക്ഷേപിച്ചിട്ടുണ്ട് അതേ പാത തന്നെയാണ് പിണറായി വിജയനും തുടരുന്നത്. മലപ്പുറം ജില്ലയുടെ പിന്നോക്കാവസ്ഥ പെരുപ്പിച്ചും അവരുടെ സമരങ്ങളിൽ തീവ്രവാദ ബന്ധം ഉന്നയിച്ചും ഏതുവിധേനയും പദ്ധതി നടപ്പിലാക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്.

Q4.

സമരങ്ങൾ ഇല്ലാത്ത വികസനം കേരളത്തിൽ സാധ്യമാണോ ?

സമരങ്ങൾ ഉണ്ടാകുന്നത് ഏത് സാഹചര്യത്തിലാണ് എന്ന സർക്കാറുകൾ മനസ്സിലാക്കിയാൽ പിന്നീട് അവിടെ സമരങ്ങൾ ഉണ്ടാകില്ല. ഒരു നാടിന്റെ വികസന പദ്ധതികൾ രൂപപ്പെടേണ്ടത് ആ നാടിന്റെ പരിസ്ഥിതി, ഭൂമി ലഭ്യത, ജനസാന്ദ്രത, പ്രകൃതി വിഭവങ്ങൾ, വാണിജ്യം, സാമ്പത്തിക ഭദ്രത എല്ലാം കണക്കിലെടുത്താണ്.

ലോകത്തെവിടെയുമുള്ള വികസനപദ്ധതികൾ അതേപടി വേറൊരു നാട്ടിൽ പറിച്ചുനടാൻ ആവില്ല. ആ നാടിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് പദ്ധതികൾക്ക് വേണ്ട മാറ്റങ്ങൾ അനിവാര്യമാണ്.

സർക്കാറുകൾ ശാസ്ത്രീയമായ പഠനത്തിനോ ആസൂത്രണത്തിന് മുതിരാതെ അഴിമതിയും കോർപ്പറേറ്റുകളുടെ ലാഭക്കൊതിയും മാത്രം പരിഗണിച്ച് നമ്മുടെ നികുതി പണം തലതിരിഞ്ഞ വികസന പദ്ധതികൾക്ക് ഉപയോഗിക്കുന്നു. ഇതിൽ നഷ്ടങ്ങൾ സംഭവിക്കുന്നു ജനങ്ങൾ സമരത്തിൽ ഏർപ്പെടുന്നു, അഴിമതിയുടെ കണക്കുകൾ മനസ്സിലായവർ നിയമയുദ്ധത്തിനും ഒരുങ്ങുന്നു.

ഇവരെയാണ് നിങ്ങൾ വികസനവിരോധികൾ എന്ന് വിളിക്കുന്നത്.

വികസനം ആർക്കു വേണ്ടിയാണ് എന്ന ബോധ്യം ആണ് ആദ്യം ഉണ്ടാകേണ്ടത്. അത് ജനങ്ങൾക്ക് അവരുടെ ജീവിതം എളുപ്പമാക്കാൻ അവരെ ദുരിതത്തിൽ നിന്ന് രക്ഷപ്പെടുത്താൻ ഉള്ളതാണെങ്കിൽ ആ പദ്ധതികൾ അവരുടെ വെള്ളം വായു മണ്ണ് ഭക്ഷണം പാർപ്പിടം സഞ്ചാരസ്വാതന്ത്ര്യം പ്രകൃതി എന്നിവ ഹനിക്കപ്പെടാതെ ഉള്ളതാകണം.

ഓരോ വികസന പദ്ധതികൾക്കും വേണ്ടി കുടിയിറക്കപ്പെടുന്നവർ അനേകം ആണ് ഇന്ത്യയിൽ. ഇതിൽ എത്രപേർക്ക് പുനരധിവാസവും അർഹമായ നഷ്ടപരിഹാരം ലഭ്യമാകുന്നുണ്ട്. ഇത് കിട്ടാത്തവരെ കുറിച്ച് ആരാണ് അന്വേഷിക്കുന്നത്. അവരുടെ സാമൂഹിക സുരക്ഷ അവരുടെ വരുമാനം വിദ്യാഭ്യാസം ഇതേക്കുറിച്ച് ഒന്നും വ്യാകുലത ഇല്ലാതെ വീണ്ടും വീണ്ടും വികസന പദ്ധതികളിൽ കൂടുതൽ ആളുകൾക്ക് കിടപ്പാടം ഇല്ലാതാകുന്നു.

നോട്ട് നിരോധനവും ജി എസ് ടി യും വികസനങ്ങൾ തന്നെയായിരുന്നു. അത് ജനങ്ങളെ എങ്ങനെ ബാധിച്ചു എന്ന് നാം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഈ വികസന പരീക്ഷണങ്ങളിൽ എല്ലാം ഇരയാകുന്നത് സാധാരണക്കാരൻ ആകുമ്പോൾ മറുഭാഗത്ത് ഇതിൽ നേട്ടം കഴിയുന്ന ഒരു കൂട്ടർ ഉണ്ട് എന്നുള്ളത് സത്യമാണ്. അവർ അദാനി റിലയൻസ് വിജയ് മല്യ പോലയുള്ള കുത്തകകളും നമ്മുടെ നാട്ടിലെ ചെറിയ കോൺട്രാക്ട് വർക്കുകൾ എടുക്കുന്നവർ വരെയുണ്ട്.

നാടിന്റെ വികസനത്തിന് എന്ന പേരിൽ ജനങ്ങളെ കുടിയൊഴിപ്പിച്ച് വലിയ തുക ചെലവഴിച്ചു നടത്തിയ പല വികസന പദ്ധതികളും ഇപ്പോൾ കാടുകയറി കിടക്കുന്നത് നാം കാണുന്നുണ്ട്.

ജനനന്മക്ക് പ്രാധാന്യം കൊടുത്തു ശാസ്ത്രീയമായി ആ നാടിന്റെ പ്രത്യേകതകൾ പരിഗണിച്ച് രൂപപ്പെടുന്ന വികസന പദ്ധതികൾക്ക് ജനം കൂടെയുണ്ടാകും.

രാഷ്ട്രീയക്കാരുടെയും ജനപ്രതിനിധികളുടെയും അഴിമതിയുമായുള്ള ജനങ്ങളുടെ സംഘർഷങ്ങളാണ് സമരങ്ങൾ ആയി മാറുന്നത്.

This entry was posted in Uncategorized. Bookmark the permalink.

Leave a Reply

Your email address will not be published. Required fields are marked *