മുഴുവൻ മലയാളികൾക്കുള്ള ക്രെഡിറ്റ് സഖാക്കൾ കുമ്മനടിച്ചു കൊണ്ട് പോവാനുള്ള ശ്രമമാണിത്

 

വിദ്യാഭ്യാസ , ആരോഗ്യ മേഖലകളിൽ കേരളത്തെ മാതൃകയാക്കും എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞതോടെ കേരളത്തിലെ സഖാക്കളും ഇടത്പക്ഷ വാർത്താമാധ്യമങ്ങളും ഈ വാർത്തക്ക് പുതിയ അർത്ഥങ്ങൾ നൽകുന്നത് കാണാൻ ഇടയായി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പിണറായി സർക്കാരിനെ പുകഴ്ത്തി സംസാരിച്ചു എന്ന രീതിയിൽ ചിലർ വാർത്തകൾ സ്വയം സൃഷ്ടിച്ചു.

പക്ഷെ എന്താണ് അതിലെ വാസ്തവം ?

അരവിന്ദ് കെജ്‌രിവാൾ കേരളം എന്ന സംസ്ഥാനത്തെയാണ് പുകഴ്ത്തി പറഞ്ഞത്. കേരളത്തിന്റെ പെരുമയെ കുറിച്ചാണ് പറഞ്ഞത്. കേരളം ഇത്രയും കാലം നേടിയെടുത്ത വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ നേട്ടങ്ങൾ കുറിച്ചാണ് പറഞ്ഞത്. വർഗീയ അജണ്ടകൾ തള്ളി കളയുന്ന മലയാളികളെ ഇച്ഛാശക്തിയെ കുറിച്ചാണ് പറഞ്ഞത്. എല്ലാ മതങ്ങളും ഒരുമയോടെ ജീവിക്കുന്ന കേരളത്തിന്റെ മതമൈത്രിയെ കുറിച്ചാണ് പറഞ്ഞത്.

ഈ നേട്ടങ്ങൾ മലയാളികൾ നേടിയെടുത്തത് മലയാളിയുടെ ഇച്ഛാശക്തി കൊണ്ടാണ്. ഈ നേട്ടങ്ങൾ എല്ലാം പതിറ്റാണ്ടുകൾ ആയി മലയാളികൾ കാത്ത് സൂക്ഷിക്കുന്നത് ഓരോ മലയാളിയുടെയും ചങ്കുറപ്പ് കൊണ്ടാണ്. അല്ലാതെ ഒരു പിണറായി വിജയൻ സർക്കാരിന്റെ നേട്ടമായി കെജ്‌രിവാൾ എവിടെയും ഇന്നലത്തെ പ്രസംഗത്തിൽ പറയുന്നില്ല.
ഇടത്പക്ഷത്തിന്റെ കഴിവ് കൊണ്ടു മാത്രമാണ് കേരളം ഈ നേട്ടങ്ങൾ എല്ലാം കൈവരിച്ചത് എന്ന് സി.പി.എമ്മുകാർ അവകാശപ്പെടുന്നുവെങ്കിൽ 35 വർഷം തുടർച്ചായി ഇടത്പക്ഷം ഭരിച്ച പശ്ചിമബംഗാൾ ഇന്ന് എവിടെ എന്ന് തിരിച്ചു ചോദിക്കാൻ ഉണ്ട്. 35 വർഷം ഇടതുപക്ഷ സർക്കാർ ബംഗാളിൽ എന്തൊക്കെ നേട്ടങ്ങൾ ആണ് ഉണ്ടാക്കിയത് എന്ന് സഖാക്കൾ പറയേണ്ടി വരും..പറയാൻ ഉത്തരം കാണില്ല കമ്മ്യൂണിസ്റ്റ് നേതാക്കൾക്കും അവരുടെ അണികൾക്കും.

അഴിമതിക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്തുന്ന വ്യക്തിയാണ് അരവിന്ദ് കെജ്‌രിവാൾ എന്ന ആം ആദ്മി പാർട്ടി നേതാവ്. അഴിമതി നടത്താൻ ശ്രമിച്ച മന്ത്രിയെ ഒരു കാലതാമസവും ഇല്ലാതെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി തന്റെ അഴിമതി വിരുദ്ധ പോരാട്ടം വെറുമൊരു വാക്കിൽ ഒതുങ്ങുന്നതല്ലെന്നു സമൂഹത്തിന് മുന്നിൽ അരവിന്ദ് കെജ്‌രിവാൾ തെളിയിച്ചു. പക്ഷെ തോമസ് ചാണ്ടിയെന്ന അഴിമതിക്കാരൻ മന്ത്രിയെ താങ്ങി നടക്കുന്ന പിണറായി വിജയന്റെ സ്ഥാനം എവിടെയാണ് ? കെജ്രിവാളും പിണറായി വിജയനും ഒരു താരതമ്യം പോലും ഇവിടെ അർഹിക്കുന്നില്ല എന്ന് കാലം തന്നെ നമ്മോട് പറയുന്നു.

“മുഴുവൻ മലയാളികൾക്കുള്ള ക്രെഡിറ്റ് സഖാക്കൾ കുമ്മനടിച്ചു കൊണ്ട് പോവാനുള്ള ശ്രമമാണിത് എന്ന് പറഞ്ഞാൽ അതിൽ തെറ്റുണ്ടാവും എന്ന് കരുതുന്നില്ല.”

This entry was posted in Uncategorized. Bookmark the permalink.

Leave a Reply

Your email address will not be published. Required fields are marked *