ഹരിത കേരളം: പിണറായി സര്‍ക്കാരിന്‍റെ പൊയ്‌മുഖം

കേരള ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ച നേരിടുന്ന ഈ കാലത്ത് അതിന്‍റെ പാരിസ്ഥിതിക സംരക്ഷണത്തിന് ഏതു സര്‍ക്കാര്‍ മുന്‍ കയ്യെടുത്താലും ആം ആദ്മി പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുന്നതാണ്.

എന്നാല്‍ പിണറായി സര്‍ക്കാരിന്‍റെ ഹരിത കേരളം പദ്ധതി ഉപരിപ്ലവവും, ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുമുള്ള തട്ടിപ്പുമാണ്. കേരളത്തിന്‍റെ മണ്ണും വെള്ളവും കാടും കായലും സര്‍ക്കാരിന്‍റെ നയമായി തന്നെ തകര്‍പ്പെടുമ്പോള്‍ കുളത്തിലെ പായല്‍ വാരലും, മട്ടുപാവ് കൃഷിയും, മന്ത്രിമാരുടെ കൊയ്ത്തുല്‍സവവും കൊണ്ട് കേരളത്തിന്‍റെ ഹരിതാഭ സംരക്ഷിക്കാന്‍ കഴിയില്ല.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണത്തിന് വേണ്ടി ഡാറ്റ ബാങ്ക് തയ്യാറാക്കി പ്രസിദ്ധീകരിക്കും എന്ന് ഉറപ്പ് നല്‍കിയ പിണറായി സര്‍ക്കാര്‍ അതിനു വേണ്ടി ഒന്നും തന്നെ ഇത് വരെ ചെയ്തിട്ടില്ല, പണമുള്ളവര്‍ പാടം നികത്തി കൊണ്ടിരിക്കുന്നു. കേരളത്തിന്‍റെ പാരിസ്ഥിതിക അവസ്ഥയെ സംബന്ധിച്ച് ഒരു ധവളപത്രം ഇറക്കുമെന്ന പ്രഖ്യാപനവും നടപ്പിലാക്കിയിട്ടില്ല. വന്‍ പരിസ്ഥിതി നാശം വരുത്തിയ അനധികൃത കെട്ടിട സമുച്ചയം പണിത ഡി.എല്‍.എഫ് നെതിരെ കോടതി കേവലം ഒരു കോടിയുടെ പിഴ ചുമത്തിയതില്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. ഭരണ കക്ഷിയിലെ ചിലര്‍ ഈ വിഷയം ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയും കൂട്ടരും നിലപാട് വ്യക്തമാക്കിയിട്ടില്ല. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അപ്പീല്‍ പോകണം എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപെടുന്നു.

പാരിസ്ഥിതിക അനുമതിയില്ലാതെ ചെറുതും വലുതുമായ ഒരു പാറമടകളും പ്രവര്‍ത്തിക്കാന്‍
പാടില്ല എന്ന സുപ്രീം കോടതി വിധി പരിഗണിക്കാന്‍ കാല താമസം വരുത്തിയും വിധിയെ
ദുര്‍വ്യാഖ്യാനിച്ചും പാറമടകള്‍ക്ക് അനുകൂലമായി ഈ മാസം 19 നു സര്‍ക്കാര്‍ മുന്നോട്ടു വന്നിരിക്കുന്നു.  ചില പ്രത്യെക കാലയളവില്‍ അനുമതി നേടി ആരംഭിച്ച പാറമടകള്‍ക്ക്
ബാധകമല്ല ഈ വിധി എന്ന സര്‍ക്കാരിന്‍റെ നിലപാട് പഴുതാക്കി മൈനിംഗ് ആന്‍ഡ് ജിയോളജി
വകുപ്പ് ഇപ്പോഴും പാറമടകള്‍ക്ക് അനുമതി കൊടുത്തു കൊണ്ടിരിക്കുന്നു.

കുടിവെള്ളവും പുഴയും സംരക്ഷിക്കാന്‍ വേണ്ട കര്‍ശന നിയമ നടപടികള്‍ക്ക് മുതിരാന്‍ സര്‍ക്കാര്‍
മടിക്കുന്നു. കേരളത്തിന്‍റെ അവസാനത്തെ ഹരിതാഭരണവും ഇല്ലാതാക്കുന്ന പാറമടകള്‍ക്കും,
വിഴിഞ്ഞം, ചക്കിട്ടപ്പാറ, എലിയോട്ട് മല പോലുള്ള പദ്ധതികള്‍ക്ക് അനുകൂലമായി നിലകൊള്ളുന്ന ഈ സര്‍ക്കാരിന്‍റെ ഹരിത കേരളം എന്ന പദ്ധതി പ്രഹസനവും ജനങ്ങളെ
പറ്റിക്കാനുള്ള പൊയ്മുഖവുമാണ്.  വരും കാല കേരളത്തിലെ ജീവനും ജീവിതവും കുടിവെള്ളവും
സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് ആം ആദ്മി പാര്‍ട്ടി നേതൃത്വം നല്‍കും.

സീ.ആര്‍. നീലകണ്ഠന്‍
കണ്‍വീനര്‍,
ആം ആദ്മി പാര്‍ട്ടി കേരളം

This entry was posted in Uncategorized. Bookmark the permalink.

Leave a Reply

Your email address will not be published. Required fields are marked *