ബിവറേജസ് ഔട്ട്‌ലറ്റുകൾ : രാഷ്ട്രീയ പാർട്ടികൾ നിലപാട് വ്യക്തമാക്കണം – ആം ആദ്‌മി പാർട്ടി

സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച് ദേശീയ പാതയുടെയും സംസ്ഥാന പാതയുടെയും ഓരങ്ങളിൽ ഉള്ള എല്ലാ മദ്യ വിൽപ്പന ശാലകളും അടച്ചു പൂട്ടണം എന്നത് പാലിക്കുന്നതിനു വേണ്ടി പല ഇടങ്ങളിലും മദ്യ വിൽപ്പന ശാലകൾ മാറ്റി സ്ഥാപിക്കാൻ ബിവറേജസ് കോർപ്പറേഷൻ നടത്തുന്ന ശ്രമത്തിനെതിരെ തദ്ദേശീയരായ ജനങ്ങൾ ശക്തമായ ചെറുത്ത് നിൽപ്പുമായി മുന്നോട്ട് വന്നിരിക്കുകയാണ്.

തിരുവനന്തപുരം ജില്ലയിൽ തന്നെ കുടപ്പനക്കുന്നിലും, നന്ദൻകോഡ് ഹോളി എയ്ഞ്ചൽസ് കോൺവെന്റിന്‌ സമീപത്ത്, പത്തനംതിട്ട ജില്ലയിൽ കോന്നിയിലും, കുറ്റൂർ ഗ്രാമപഞ്ചായത്തിലും, കൊല്ലം ജില്ലയിലെ കണ്ണനെല്ലൂരിലും, തലശ്ശേരിയിലെ കായത്തും,കോഴിക്കോട് മുക്കത്ത്, കൊച്ചിയിൽ കരിവേലിപ്പടിയിലും, ഇടുക്കിയിൽ മൂലമറ്റത്തും തുടങ്ങി നിരവധി ഇടങ്ങളിൽ ജനങ്ങൾ ശക്തമായ പ്രതിരോധമായി മുന്നോട്ട് വന്നിരിക്കുകയാണ്. ഈ പ്രതിരോധ സ്ഥലങ്ങളിൽ പഞ്ചായത്തുകൾ മിക്കപ്പോഴും ജനങ്ങളോടൊപ്പം നിക്കാൻ പ്രേരിതരാകുന്നുണ്. അങ്ങിനെ ഉള്ള സ്ഥലങ്ങളിൽ ജനങ്ങളുടെ താല്പര്യങ്ങൾ മറികടന്ന് കൊണ്ട് ഇത്തരം മദ്യ വിൽപ്പന ശാലകൾ സ്ഥാപിക്കാൻ പാടില്ല എന്ന് ആം ആദ്‌മി പാർട്ടി ആവശ്യപ്പെടുന്നു.

പ്രാദേശികമായി ജനപ്രതിനിധികളും, രാഷ്ട്രീയ നേതാക്കളും ജനക്കൂട്ടത്തിന്‍റെ സമരത്തോടൊപ്പം നിൽക്കുമ്പോൾ പോലും കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികൾ ബി.ജെ.പി അടക്കം ഇക്കാര്യത്തിൽ ഒരു നിലപാട് വ്യക്തമാക്കിയിട്ടില്ല. പഞ്ചായത്തീരാജിന്‍റെ ഭാഗമായി ഒരു പഞ്ചായത്തിൽ മദ്യ വിൽപ്പന ശാലകൾ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം പഞ്ചായത്തുകൾക്ക് വിട്ടു കൊടുക്കുന്ന നിയമം കേരളത്തിൽ പ്രാബല്യത്തിൽ ഇല്ല. ആ നിയമം അടിയന്തിരമായി കൊണ്ട് വരേണ്ടതുണ്ട്.
അത് ഇല്ലാത്തത് കൊണ്ടാണ് ജനങ്ങൾക്ക് ശക്തമായ പ്രക്ഷോഭം നടത്തേണ്ടി വരുന്നത്.

സ്‌കൂൾ വിദ്യാർത്ഥികളും മത പുരോഹിതരും സാമൂഹ്യ പ്രവർത്തകരും മദ്യ വിരുദ്ധ പ്രവർത്തകരും എല്ലാം ഈ പോരാട്ടത്തിന്‍റെ പിന്നിൽ അണി നിറക്കുന്നു. സ്ത്രീകളാണ് സമരത്തിന്‍റെ മുൻപന്തിയിൽ ഉള്ളത്. അത് കൊണ്ട് തന്നെ ഇക്കാര്യത്തിൽ സർക്കാർ കൃത്യമായി നയം പ്രഖ്യാപിക്കണം. ഭരണ പ്രതിപക്ഷങ്ങൾ തങ്ങളുടെ നിലപാട് വ്യക്തമാക്കണം. കേരളത്തിൽ ആകമാനം ഗ്രാമ നഗര പ്രദേശങ്ങളിൽ ജനങ്ങളെ സമരത്തിലേക്ക് വലിച്ചിഴക്കരുത് എന്ന് ആം ആദ്‌മി പാർട്ടി ആവശ്യപ്പെടുന്നു. ഇത്തരത്തിൽ നടക്കുന്ന ജനകീയ സമരങ്ങൾക്ക് പാർട്ടി എല്ലാ ഇടത്തും സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു.

സീ.ആര്‍. നീലകണ്ഠന്‍
കണ്‍വീനര്‍,
ആം ആദ്മി പാര്‍ട്ടി കേരളം

This entry was posted in Uncategorized. Bookmark the permalink.

Leave a Reply

Your email address will not be published. Required fields are marked *