“നോട്ടു നിരോധനത്തിനു പിന്നിലെ കള്ളക്കളികള്‍” : കെജ്രിവാളിന്റെ വാരണാസി പ്രസംഗത്തിന്റെ മലയാള പരിഭാഷ

ak-varnasi1

സുഹൃത്തുക്കളെ, ഇന്ന് ഞാന്‍ ഇവിടെ എത്തിയത് ഒരു വലിയ വിഷയം നിങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുവാന്‍ ആണ്. ഞാന്‍ രാഷ്ട്രീയം കളിക്കാന്‍ അല്ല ഇവിടെ എത്തിയത്, വോട്ട് ചോദിക്കാനുമല്ല. വോട്ടു ചോദിക്കാന്‍ ആയിരുന്നു എങ്കില്‍ ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്ന ഗോവയില്‍ അല്ലെങ്കില്‍ പഞ്ചാബില്‍ ആണ് ഞാന്‍ ഇപ്പോള്‍ ഉണ്ടായിരിക്കേണ്ടത്.  ഇന്ന് ഞാന്‍ നിങ്ങളുടെ മുന്‍പില്‍ എത്തിയത് നമ്മുടെ രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടി അപേക്ഷിക്കാനാണ്‌.

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജി കള്ളപ്പണവും അഴിമതിയും തടയാന്‍ എന്ന വ്യാജേന കൊണ്ട് വന്ന നോട്ടു നിരോധന നിയമം രാജ്യത്തെ ജനങ്ങളെ മുഴുവനും പരിഭ്രാന്തിയില്‍ ആക്കിയിരിക്കുകയാണ്. ജനങ്ങളുടെ ബിസിനസ്‌ ഇല്ലാതായികൊണ്ടിരിക്കുകയാണ്, ജോലി ഇല്ലാതെ ആവുകയാണ്, വീട്ടില്‍ കഴിക്കാന്‍ ഒന്നും ഇല്ലാതെ ആവുകയാണ്.
ഞാന്‍ ഈ കഴിഞ്ഞ ദിവസം പഞ്ചാബില്‍, അമൃത്‌സര്‍ എന്ന സ്ഥലത്തെ ഒരു ഗ്രാമത്തില്‍ പോയിരുന്നു. അവിടെ ഒരു കര്‍ഷകന്‍ അവന്‍റെ ജീവിതം മുഴുവന്‍ജോലി ചെയ്തു കുറച്ചു  കാശ് കൂട്ടിവെച്ചിരുന്നു. അഞ്ചുലക്ഷം രൂപ അദ്ദേഹം ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. മകളുടെ വിവാഹം അടുത്ത് വന്ന സമയത്താണ് നോട്ടു നിരോധന നിയമം വന്നത്. മകളുടെ കല്യാണത്തിന് വേണ്ടി കാശ് എടുക്കാന്‍ ബാങ്കില്‍ പോയി, മാനേജര്‍ തരില്ല എന്ന് പറഞ്ഞു. അടുത്ത ദിവസം വീണ്ടും പോയി. പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട് കല്യാണത്തിന് വേണ്ടി 2.5 ലക്ഷം രൂപ വരെ ബാങ്കില്‍ നിന്നും കിട്ടുമെന്നു പക്ഷെ മാനേജര്‍ രണ്ടായിരം രൂപ എടുത്ത് ഇദ്ദേഹത്തിന്റെ കൈകളില്‍ കൊടുത്തു. എന്നിട്ട് പറഞ്ഞ കാരണം ബാങ്കില്‍ ആകെ മൂന്നു ലക്ഷമേ ഉള്ളു, നിങ്ങള്‍ക്ക് 2.5 ലക്ഷം തന്നാല്‍ ബാക്കിയുള്ളവര്‍ക്ക് എന്ത് എടുത്തു കൊടുക്കും. മൂന്നാമത്തെ ദിവസം ഈ പാവം മനുഷ്യന്‍ തന്‍റെ മകളെയും കൊണ്ട് മാനേജറിനെ കണ്ടു കാലു പിടിച്ചു കരഞ്ഞുകൊണ്ട് അപേക്ഷിച്ചു. കാശ് കിട്ടിയില്ലെങ്കില്‍ എന്റെ മകളുടെ കല്യാണം മുടങ്ങി പോകും എന്നു പറഞ്ഞു. മാനേജര്‍ എന്ത് ചെയ്യാനാണ്. പറ്റില്ല എന്നു പറഞ്ഞു. ഈ കര്‍ഷകന്‍ തിരിച്ചു വീട്ടില്‍ വന്ന്‌ ആത്മഹത്യ ചെയ്തു. ഞാന്‍ ഒരു കാര്യം അറിയാന്‍ ആഗ്രഹിക്കുന്നു, ഈ കര്‍ഷകന്റെ വീട്ടില്‍ കള്ളപ്പണം ഉണ്ടായിരുന്നോ? ഈ അഞ്ചുലക്ഷം രൂപ കള്ളപ്പണം ആയിരുന്നോ?

രാജ്യത്തു മൊത്തം ഇതുവരെ 84 പേരോളം മരിച്ചു, എന്ന് ഉണരും നമ്മുടെ പ്രധാനമന്ത്രി. ഞാന്‍ പറയും 84 പേരും മരിച്ചത് അല്ല കൊല ചെയ്തത് ആണ്. ഇവരുടെ വീട്ടില്‍ എല്ലാം കള്ളപ്പണം ആയിരുന്നോ? ഇവരെല്ലാം അഴിമതി ചെയ്യുന്നവര്‍ ആയിരുന്നോ? ഈ 84 പേരുടെ മരണത്തിനു ആരാണ് ഉത്തരവാദി? ആരാണ് ഉത്തരവാദി? മീഡിയക്കാരോടുള്ള ഒരു അപേക്ഷ ആണ് ഈ ജനങ്ങള്‍ പറയുന്നത് നാളെ കാണിക്കുക.  ഇപ്പോള്‍ മീഡിയ കാണിക്കുന്നത് പദ്ധതി നല്ലതാണു പക്ഷെ നടപ്പിലാക്കിയ രീതി തെറ്റാണു എന്നാണ്‌. ഞാന്‍ പറയുന്നും പദ്ധതിയും മോശമാണ് ഉദ്ദേശവും മോശമാണ് നടപ്പിലാക്കിയതും മോശമായ രീതിയിലാണ്‌. ജനങ്ങളെ  തെറ്റിധരിപ്പിക്കാതിരിക്കുക , ജനങ്ങള്‍ ഭയങ്കര ദുഃഖത്തില്‍ ആണ് ഒരു ദിവസം അവരുടെ ദേഷ്യം  അണപൊട്ടിയൊഴുകാന്‍ തുടങ്ങും.

കൂട്ടുകാരെ, ഈ രാജ്യത്തിനുള്ളില്‍ അഴിമതിക്ക് എതിരെ ആദ്യമായി പോരാട്ടം  തുടങ്ങി വെച്ചത് ഞങ്ങളാണ്. ഈ രാജ്യം അതിനു സാക്ഷിയാണ്. അണ്ണാ ഹസാരെജിയുടെ കൂടെ രാംലീല മൈതാനത്തുണ്ടായിരുന്നു ഞങ്ങള്‍.  രാജ്യം മുഴുവന്‍ റോഡില്‍ ഇറങ്ങിയിരുന്നു. അണ്ണാജി ഉപവാസം ഇരുന്നു, അതിനു ശേഷം ഞാന്‍ ഉപവാസം ഇരുന്നു. കോണ്‍ഗ്രസിന്‍റെ 15 മന്ത്രിമാരുടെ അഴിമതിക്ക് എതിരായി ജന്തര്‍മന്തറില്‍ ആദ്യം 10 ദിവസം ഉപവാസം ഇരുന്നു, അതിനു ശേഷം 15 ദിവസം ഞാന്‍ ഉപവാസം ഇരുന്നിരുന്നു. ഞാന്‍ പ്രമേഹത്തിന്റെ അസുഖം ഉള്ള ആളാണ്. ഡോക്ടര്‍മാര്‍ പറഞ്ഞത് 48 മണിക്കൂറില്‍ കൂടുതല്‍ ഞാന്‍ പട്ടിണി ഇരുന്നാല്‍ ജീവിച്ചിരിക്കില്ല എന്നാണ്. ഏതോ ദൈവത്തിന്റെ അത്ഭുതം അല്ലെങ്കില്‍ കൃപ ഉള്ളത് കൊണ്ട് മാത്രമാണ് ഞാന്‍ ഇന്ന് നിങ്ങളുടെ മുന്‍പില്‍ നില്‍ക്കുന്നത് .

15 ദിവസം പട്ടിണി കിടന്നു എന്റെ ജീവന്‍ പണയപ്പെടുത്തി ആണ് ഞാന്‍ അഴിമതിക്ക് എതിരെ പോരാടിയത്. ആളുകള്‍ റോബര്‍ട്ട്‌ വാദ്രയുടെ പേര് വിളിക്കാന്‍ പേടിക്കുന്ന കാലത്ത്, റോബര്‍ട്ട്‌ വാദ്രയുടെ അഴിമതിയുടെ തെളിവുകള്‍  ഞാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്‍പില്‍ വെച്ചിരുന്നു, ഞാന്‍ പ്രസ്‌ കോണ്‍ഫറന്‍സ് നടത്തി. മുകേഷ് അംബാനിയുടെ സ്വിസ് ബാങ്ക് അക്കൗണ്ടിന്റെ നമ്പര്‍ ഞാന്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ വെച്ചിരുന്നു, അനില്‍ അംബാനിയുടെ, അദ്ധേഹത്തിന്റെ മാതാവിന്റെ സ്വിസ് ബാങ്ക് അക്കൗണ്ടിന്റെ നമ്പര്‍ ഞാന്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ വെച്ചിരുന്നു. എന്റെ ജീവന്‍ പണയപ്പെടുത്തി ആണ് ഞാന്‍ അഴിമതിക്ക് എതിരെ പോരാടിയത്.
ഒരു പക്ഷെ മോദിജിയുടെ ഈ പദ്ധതി കൊണ്ട് അഴിമതി ഇല്ലാതെ ആവുകയായിരുന്നുവെങ്കില്‍, കള്ളപ്പണം ഇല്ലാതെ ആവുകയായിരുന്നു വെങ്കില്‍, സഹോദരങ്ങളെ ഏറ്റവും ആദ്യം ഞാന്‍ നിന്ന് മോദി, മോദി, മോദി എന്ന് വിളിക്കുമായിരുന്നു, ഏറ്റവും ആദ്യം  ഞാന്‍ അദ്ധേഹത്തിന്റെ കൂടെ നിന്നേനെ ഇത് കൊണ്ട് അഴിമതി ഇല്ലാതെയാവുമായിരുന്നു എങ്കില്‍. ഞങ്ങള്‍ ആയിരിക്കും മോടിജിയുടെ ഏറ്റവും വലിയ നിരൂപകര്‍.

മോദിജി നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എല്ലാം ഞങ്ങള്‍ അദ്ദേഹത്തെ പ്രശംസിച്ചിരുന്നു. അദ്ദേഹം സ്വഛ് ഭാരത് പദ്ധതി തുടങ്ങിയ അന്ന്, എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട് ദില്ലിയിലെ കോളനിയില്‍ ഈ പദ്ധതി തുടങ്ങിയപ്പോള്‍ മോദിജിയെ പിന്‍തുണച്ചുകൊണ്ട് ഞാന്‍ ചൂലുമെടുത്തു വൃത്തിയാക്കാന്‍  ഇറങ്ങിയിരുന്നു , മോദിജി യോഗയുടെ പ്രഖ്യാപനം നടത്തിയപ്പോള്‍  പിന്‍തുണച്ചുകൊണ്ട്ഞാന്‍ എന്റെ പായും എടുത്തു കൊണ്ട് ഇന്ത്യഗേറ്റില്‍ പോയിരുന്നു . അദ്ദേഹം സര്‍ജിക്കല്‍ സ്ട്രൈക്ക് നറ്റത്തിച്ചപ്പോള്‍ ഞങ്ങള്‍ അദ്ധേഹത്തെ സല്യൂട്ട് ചെയ്തിരുന്നു, ഞാനും പ്രധാനമന്ത്രിക്ക് സല്യൂട്ട് കൊടുത്തിരുന്നു. ഈ നോട്ട് നിരോധന പദ്ധതി കൊണ്ട് കള്ളപ്പണം ഇല്ലാതാവുക ആയിരുന്നു എങ്കില്‍ അഴിമതി ഇല്ലാതെ ആയിരുന്നു എങ്കില്‍ സഹോദരങ്ങളെ ഏറ്റവും ആദ്യം ഞാന്‍ നിങ്ങളോട് പറയുമായിരുന്നു. അഴിമതിയും, കള്ളപ്പണവും ഇല്ലാതെ ആക്കാന്‍ എന്ന വ്യാജേന ചെയ്തു ഈ നോട്ടു നിരോധനം കൊണ്ട് ഒരു പൈസയുടെ അഴിമതിയും കള്ളപ്പണവും ഇല്ലാതെ ആവില്ല. ഇത് മോദിജിയുടെ പണക്കാരായ കൂട്ടുകാരെ രക്ഷിക്കാന്‍ വേണ്ടി, മാത്രമുള്ള , ഒരു പദ്ധതിയാണ് സഹോദരങ്ങളെ. നിങ്ങളെ കാണിക്കാനായി ഇന്ന് ഞാന്‍ തെളിവുകള്‍ കൊണ്ടാണ് എത്തിയത്. മോദിജിയുടെ പണക്കാരായ കൂട്ടുകാരെ രക്ഷിക്കാന്‍ വേണ്ടി, മാത്രമുള്ള , ഒരു പദ്ധതിയാണ്  എന്നിട്ട് എല്ലാ ജനങ്ങളെയും വരിയില്‍ നിര്‍ത്തിയിരിക്കുകയാണ്.

ഇദ്ദേഹത്തിനു അഴിമതി ഇല്ലാതെയാക്കാനായിരുന്നു എങ്കില്‍ ഒന്ന് രണ്ടു വലിയ നേതാക്കന്മാരെ എന്ത് കൊണ്ട് പിടിച്ചില്ല, ഏറ്റവും കൂടുതല്‍ കള്ളപ്പണം നേതാക്കന്മാരുടെ കൈയിലാണ്, ഇവര്‍ക്ക് അഴിമതി ഇല്ലാതാക്കാനായിരുന്നു എങ്കില്‍ സ്വിസ് ബാങ്കില്‍ അക്കൗണ്ട്‌ ഉള്ളവരെ എന്ത് കൊണ്ട് പിടിച്ചില്ല. മോഡീജിയുടെ കൈയില്‍ ഒരു ഫയല്‍ ഉണ്ട്, ഞാന്‍ കണ്ടിട്ടുണ്ട്. ആ ഫയലില്‍ സ്വിസ് ബാങ്കില്‍ അക്കൗണ്ട്‌ ഉള്ള 648 ആളുകളുടെ പേരുണ്ട്. ഈ രാജ്യത്തെ ഏറ്റവും വലിയ ആളുകളുടെ പേരുണ്ട് ആ ഫയലില്‍, ആ ലിസ്റ്റില്‍ ഉള്ള മുകേഷ് അംബാനി, അനില്‍ അംബാനി, അവരുടെ മാതാവ്‌ എന്നിവരുടെ അക്കൗണ്ട്‌ നമ്പര്‍ ഞാന്‍ എല്ലാവരോടും പറഞ്ഞിരുന്നു. മോഡീജിയുടെ കൈയില്‍ 648 ആളുകളുടെ പേരുള്ള ആ ഫയല്‍ ഉണ്ട് .  കള്ളപ്പണം ഇല്ലാതാക്കാനായിരുന്നു എങ്കില്‍ ആ ലിസ്റ്റില്‍ലുള്ള ഒന്ന് രണ്ടു പേരെ അറസ്റ്റ് ചെയ്തു ജയിലില്‍ ഇട്ടാല്‍ പോരെ. അവരെ എന്ത് കൊണ്ട് പിടിക്കുന്നില്ല, കാരണം അവര്‍ മോഡീജിയുടെ കൂട്ടുകാര്‍ ആണ്.അവരെ രക്ഷിക്കാനാണല്ലോ ഈ പദ്ധതി ഉണ്ടാക്കിയിരിക്കുന്നത്.   അഴിമതി  എങ്ങിനെ ഇല്ലാതെയാക്കാം എന്ന് ഞങ്ങള്‍ ദില്ലിയില്‍ കാണിച്ചിട്ടുണ്ട്. ഞങ്ങളുടെ 49 ദിവസത്തെ സര്‍ക്കാര്‍ ഉണ്ടായ സമയത്ത്, ആരോട് വേണമെങ്കിലും ചോദിച്ചോളൂ 49 ദിവസം കൊണ്ട് ഞങ്ങള്‍ അഴിമതി ഇല്ലാതാക്കിയിരുന്നു. 49 ദിവസം കൊണ്ട് കൈകൂലി മേടിച്ച 32 ഓഫീസര്‍മാരെ പിടിച്ചു ജയിലില്‍ ഇട്ടു കഴിഞ്ഞപ്പോള്‍, മുകളില്‍ നിന്ന് താഴെ വരെ എല്ലാം നേരെയായി.  ഈ സര്‍ക്കാരിന്റെ കാലത്ത് അഴിമതി നടക്കില്ല എന്ന സന്ദേശം എല്ലാവര്‍ക്കും ലഭിച്ചു. അഴിമതി ഇല്ലാതെയാക്കാന്‍ ആണെങ്കില്‍ അഴിമതി നടത്തുന്ന ഒന്ന് രണ്ടു പേരെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല?

ഞാന്‍ ഇങ്ങോട്ട് വരുന്ന സമയത്ത് കേട്ട ഒരു വാര്‍ത്ത‍ ആണ്.  കര്‍ണാടകത്തിലെ വമ്പന്‍മാരാണ്‌ റെഡ്ഡി ബ്രദര്‍സ്, അവരുടെ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു എന്ന്, എന്തുകൊണ്ട്? രണ്ടു ദിവസം കൊണ്ട് അവരുടെ 100 കോടി വെളുപ്പിച്ച വിവരം ഡ്രൈവറിന് കിട്ടിയിരുന്നു. തന്‍റെ കൂട്ടുകാരെ മോദിജി ഒന്നും ചെയ്യുന്നില്ല.  നവംബര്‍ 8ന്‌ നോട്ടു നിരോധനം പ്രഖ്യാപിച്ചപ്പോള്‍ നാലു കാര്യങ്ങള്‍ പ്രധാനമന്ത്രി പറഞ്ഞു. നോട്ടു നിരോധനം കൊണ്ട് അഴിമതി ഇല്ലാതെ ആകും, കള്ളപ്പണം ഇല്ലാതെ ആകും, തീവ്രവാദികള്‍ക്ക് പണം ലഭിക്കാതെയാകും , കള്ളനോട്ടു ഇല്ലാതാകും. സഹോദങ്ങളെ ഒരു മാസം കൊണ്ട് ഈ നാല് കാര്യങ്ങളും തെറ്റാണു എന്ന് തെളിഞ്ഞു. എനിക്ക് അന്ന് തന്നെ അറിയാമായിരുന്നു. ഞാന്‍ ഇന്‍കം ടാക്സില്‍ കമ്മിഷണര്‍ ആയി ജോലി ചെയ്തിട്ടുണ്ട്, കുറച്ചൊക്കെ കാര്യങ്ങള്‍  എനിക്ക് മനസിലാകും.

1.    500 രൂപാ നോട്ടും 1000 രൂപാ നോട്ടും ഇല്ലാതാക്കിയിട്ടു 2000 രൂപാ നോട്ടു കൊണ്ടുവന്നാല്‍ എങ്ങിനെ അഴിമതി ഇല്ലാതാകും, ? നേരത്തെ ഒരു ലക്ഷത്തിന്‍റെ കൈകൂലി കൊടുക്കേണ്ടവര്‍ക്ക്   1000 ത്തിന്‍റെ നൂറു നോട്ടു കൊണ്ടു പോകണമായിരുന്നു, മോദിജി അത് വളരെ എളുപ്പം ആക്കി 2000ത്തിന്‍റെ നോട്ടു ഇറക്കിയതിനാല്‍ ഇനി 50 എണ്ണം കൊണ്ടു പോയാല്‍ മതി. ആയിരത്തിന്റെ നോട്ട് കൊണ്ട് അഴിമതി നടത്തിയിരുന്നവര്‍ ഇപ്പോള്‍ രണ്ടായിരത്തിന്റെ നോട്ടു കൊണ്ട് അഴിമതി നടത്തുന്നു. മോദിജി നമ്മളെ വിഡ്ഢികള്‍ ആക്കുകയാണോ? അഴിമതി ഇപ്പോള്‍ രണ്ടിരട്ടി ആയി
2.    കള്ളപ്പണം സൂക്ഷിക്കുന്നവരുടെ കഷ്ടകാലം ആണ് എന്ന് പറഞ്ഞു, കള്ളപ്പണം ഇല്ലാതെ ആകും എന്ന് പറഞ്ഞു. ആരെങ്കിലും നേരത്തെ ഒരു റൂമില്‍ ആയിരത്തിന്റെ നോട്ടുകൊണ്ട് ആയിരം കോടിയുടെ കള്ളപ്പണം സൂക്ഷിച്ചിരുന്നു എങ്കില്‍  മോദിജി അത് കുറച്ചും കൂടി എളുപ്പമാക്കി കൊടുത്തു രണ്ടായിരം നോട്ടു കൊണ്ട്. ഇത് കൊണ്ട് കള്ളപ്പണം എങ്ങിനെ ഇല്ലാതെ ആകുന്നു?  അഞ്ഞൂറിന്റെയും ആയിരത്തിന്റെയും പതിനാലു ലക്ഷം കോടിയുടെ രൂപ ഉണ്ടായിരുന്നു അതില്‍ നിന്നും പന്ത്രണ്ടു ലക്ഷം കോടി ഇപ്പോള്‍ തന്നെ തിരിച്ചു എത്തികഴിഞ്ഞു എന്നാണ്‌ കേള്‍ക്കുന്നത്. എല്ലാവരും അവരുടെ കള്ളപ്പണം വെളുപ്പിച്ചു കഴിഞ്ഞു. അതുകൊണ്ട് കള്ളപ്പണവും ഇല്ലാതെ ആവുന്നില്ല
3.    പിന്നെ പറയുന്നത് തീവ്രവാദം ഇല്ലാതെ ആകും എന്ന്. ഇപ്പോള്‍ കേള്‍കുന്നു തീവ്രവാദികളുടെ കൈയിലും രണ്ടായിരത്തിന്റെ നോട്ടുണ്ടെന്ന്, കണ്ടാല്‍ തോന്നും ബിജെപിയുമായി തീവ്രവാദികള്‍ക്ക് ഒരു ഡയറക്റ്റ് ചാനെല്‍ ഉണ്ടെന്നു, അവരുടെ കൈളിലും രണ്ടായിരത്തിന്റെ നോട്ടു കണ്ടെത്തുന്നു
4.    പിന്നെ പറയുന്നു കള്ളനോട്ട് ഇല്ലാതെ ആകും എന്ന്. കഴിഞ്ഞ ഒരു മാസം കൊണ്ട് ആര്‍.ബി.ഐ നല്ല നോട്ടു അടിക്കുന്നതിനെക്കാളും കൂടുതല്‍ കള്ളനോട്ട് അവര്‍ അടിച്ചു കഴിഞ്ഞു എന്നാണ് മനസിലാക്കേണ്ടത്.  ആര്‍.ബി.ഐയ്ക്ക് നോട്ടു യന്ത്രങ്ങള്‍ തികയാതെ വരുന്നു. അത് മാത്രമല്ല കള്ളനോട്ടു പിടിച്ചതെല്ലാം ബിജെപിക്കാരുടെ കൈയില്‍ നിന്നും ആണ്.  ഇതും  സംശയത്തിനിടയാക്കുന്ന കാര്യം ആണ് .

സഹോദരങ്ങളെ ഇത് കള്ളപ്പണം ഇല്ലാതെ ആക്കാന്‍ അല്ല, അഴിമതി ഇല്ലാതെ ആക്കാന്‍ അല്ല, നമ്മളെ എല്ലാം വിഡ്ഢികള്‍ ആക്കുക ആണ്. പിന്നെ എന്തിനാണ് മോദിജി ഇത് ചെയ്യുന്നത്? ഇത് വലിയ ഒരു ചോദ്യം ആണ്. ഇനി ഞാന്‍ നിങ്ങള്‍ക്ക് മനസ്സിലാക്കി തരാം ഇത് മോദിജി തന്‍റെ വലിയ പണക്കാരായ കൂട്ടുകാരെ രക്ഷിക്കാന്‍ വേണ്ടി ചെയ്തത് ആണെന്ന്.
ഇത് എട്ടു ലക്ഷം കോടിയുടെ ഒരു അഴിമതി ആണ്. എങ്ങിനെ? നമ്മള്‍ ബാങ്കില്‍ കാശിടുന്നതിനു അനുസരിച്ച് ബാങ്ക് നമുക്ക് ലോണ്‍ തരില്ലേ അതുപോലെ ബാങ്കില്‍ നിന്നും വലിയ വലിയ കോടിപതികള്‍ക്ക് ലോണ്‍ കൊടുത്തിട്ടുണ്ട്‌. ഇതുവരെ കൊടുത്തിട്ടുള്ള ലോണില്‍ നിന്നും എട്ടു ലക്ഷം കോടിയുടെ ലോണ്‍, ഈ കോടിപതികള്‍ തിരിച്ചു അടക്കാതെ നടക്കുകയാണ്. ഇത് ഞാന്‍ പറയുന്നത് അല്ല സി.ഏ.ജി റിപ്പോര്‍ട്ട്‌, ആര്‍.ബി.ഐയുടെ റിപ്പോര്‍ട്ട്‌ മുതലായ റിപ്പോര്‍ട്ടുകളില്‍  പറയുന്നത് ആണ്. വലിയ വലിയ ശതകോടീശ്വരന്‍മാര്‍ ഈ എട്ടു ലക്ഷം കോടി തിരിച്ചു അടക്കാതെ മുങ്ങി നടക്കുകയാണ്.  മൂന്നു മാസം മുന്‍പ് സി.എ.ജി നടത്തിയ ഒരു പ്രസംഗത്തില്‍ പറഞ്ഞത് ഈ എട്ടു ലക്ഷം കോടി രൂപയില്‍ പകുതി ഈ ശതകോടീശ്വരന്മാര്‍ വിദേശത്ത് കടത്തിയിരിക്കുകയാണ് ബാക്കിയുള്ള തുക എന്തോ തട്ടിപ്പ്‌ കാണിച്ചിരിക്കുകയാണ്. ഈ കാശൊന്നും തിരിച്ചു വരാന്‍ പോകുന്നില്ല. മോദിജി ആണെങ്കില്‍ ഇവരുടെ ഈ എട്ടു ലക്ഷം കോടിയുടെ ലോണില്‍ നിന്നും ഒരു ലക്ഷത്തിപതിനായിരം കോടിയുടെ ലോണ്‍ ഇപ്പോള്‍ തന്നെ എഴുത്തിത്തള്ളിയിക്കുകയാണ്. സഹോദരങ്ങളെ നിങ്ങള്‍  വീടിന്റെ ലോണ്‍, കാര്‍ഷിക ലോണ്‍ എന്നിവ എടുക്കുമ്പോള്‍ ഒരു അടവ് തെറ്റി കഴിഞ്ഞാല്‍ നമ്മളെ കൊണ്ട് പിഴ അടപ്പിക്കും, ഞാന്‍ തെറ്റൊന്നുമല്ലല്ലോ ഈ പറയുന്നത് അല്ലെ. ഒരു അടവ് തെറ്റിച്ചാല്‍ മതി പിഴ അടപ്പിക്കും, ഇവിടെയും അങ്ങനത്തെ ഒരു പാട് പേര് കാണും. മോദിജി ആണെങ്കില്‍ ഒരു ലക്ഷത്തിപതിനായിരം കോടിയുടെ ലോണ്‍ എഴുത്തിത്തള്ളിയിക്കുന്നു. ഇവിടെ കൂടിയിരിക്കുന്നവര്‍ ഒന്ന് പറയുക ആരെയൊക്കെയാണ്‌ ആണ് മോദിജി ലോണ്‍ എഴുതിത്തള്ളി സഹായിച്ചത് ഒന്ന് കൈ പോക്കുക, ഒരാളുടെ പോലും ചെയ്തില്ലേ?

കൂട്ടുകാരെ മോടിജിയുടെ കൂട്ടുകാര്‍ കോടീശ്വരന്‍ ആണ്, ഞാന്‍ പാവങ്ങളുടെ കൂടെ ആണെന്നും ഫകീര്‍ ആണെന്നും ഒക്കെ പറഞ്ഞു നമ്മളെ വിഡ്ഢികള്‍ ആക്കുകയാണ്. നമ്മളുമായി ഒരു ബന്ധവും ഇല്ല നമ്മുടെ പൈസ കൊള്ളയടിക്കാന്‍ ഉള്ള പദ്ധതിയുമായി ഇറക്കിയിരിക്കുക ആണ്. നമ്മുടെ ലോണ്‍ ഇല്ലാതെ ആക്കില്ല, കര്‍ഷകരുടെ ലോണ്‍ ഇല്ലാതെ ആക്കില്ല, കാര്‍ മേടിച്ചവരുടെ ലോണ്‍ ഇല്ലാതെ ആക്കില്ല, പാവപ്പെട്ടവരായ ചിലര്‍ വീട് വെക്കാന്‍ ലോണ്‍ എടുത്തിട്ടുണ്ട്, കടമുറി പണിയാന്‍ ലോണ്‍ എടുത്തിട്ടുണ്ട്, ബിസിനസ്‌ ചെയ്യാന്‍ ലോണ്‍ എടുത്തിട്ടുണ്ട് അവരുടെ ഒന്നും ലോണ്‍ ഇല്ലാതെ ആക്കില്ല വലിയ വലിയ കോടീശ്വരന്മാരുടെ ലോണ്‍ മാത്രം ഒഴിവാക്കി നല്‍കും , ഞാന്‍ മോടിജിയോടു ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്, ഈ കോടിപതികളില്‍  എത്ര പേര്‍ക്ക് പിഴ അടക്കാന്‍ നോട്ടീസ് കൊടുത്തിട്ടുണ്ട്‌, എത്ര പ്രാവശ്യം അവരുടെ വീട്ടില്‍ പോയിട്ടുണ്ട്, ഒന്ന് പറഞ്ഞേ…എത്ര നോട്ടീസ് കൊടുത്തിട്ടുണ്ട്‌ ഞാന്‍ അറിയാന്‍ ആഗ്രഹിക്കുന്നു. ഒരു ലക്ഷത്തിപതിനായിരം കോടിയുടെ ലോണ്‍ ഇല്ലാതെ ആക്കിയിരിക്കുക ആണ് അതുകൊണ്ട് ബാങ്കില്‍ പണമില്ല. ബാങ്കില്‍ കാശ് തിരിച്ചു കൊണ്ട് വരാന്‍ അമിത്‌ ഷായും മോഡീജിയും കൂടി കൊണ്ട് വന്ന ഒരു പദ്ധതി ആണ് ഈ നോട്ടു നിരോധനം. ഈ പദ്ധതി കൊണ്ട് വരുന്നതിനു മുന്‍പ് അവര്‍ തങ്ങളുടെ പൈസ മുഴുവനും സുരക്ഷിതമാക്കി. അമിത്‌ ഷായുടെ കൈയില്‍ ഉണ്ടായിരുന്ന കള്ളപ്പണം മുഴുവനും, ബിജെപിയുടെ കൈയില്‍ ഉണ്ടായിരുന്ന കള്ളപ്പണം മുഴുവനും സുരക്ഷിതമാക്കി. ഈ രാജ്യം മുഴുവനും അവര്‍ സ്ഥലങ്ങള്‍ മേടിച്ചിട്ടുണ്ട് പത്രങ്ങളില്‍ ന്യൂസ്‌ വരുന്നുണ്ട്. ഈ രാജ്യം മുഴുവനും അവര്‍ സ്ഥലങ്ങള്‍ മേടിച്ചു വെച്ചിട്ടുണ്ട്. തങ്ങളുടെ കാശ് സുരക്ഷിതമാക്കി, പിന്നെ തങ്ങളുടെ കൂട്ടുകാരോടെല്ലാം പറഞ്ഞു അംബാനി അദാനി തുടങ്ങിയവരോട് സഹോദരരെ 8 നവംബര്‍ ആകുമ്പോള്‍ നോട്ടുനിരോധനം ഉണ്ടാകും അതിനു മുന്‍പ് തങ്ങളുടെ കൈയില്‍ ഉള്ളതെല്ലാം സുരക്ഷിതമാക്കികൊളു എന്ന്. അവരും തങ്ങളുടെ കാശ് സുരക്ഷിതമാക്കി കുറച്ചു സ്വിസ്സ് ബാങ്കില്‍ അടച്ചു, കുറച്ചു വിദേശത്തേക്ക് മാറ്റി എന്നിട്ട് 8 നവംബര്‍ന് നോട്ടു നിരോധനത്തിന്റെ പ്രഖ്യാപനം ചെയ്തു  എല്ലാ ജനങ്ങളോടും പറഞ്ഞു നിങ്ങളുടെ നോട്ടെല്ലാം ബാങ്കില്‍ കൊണ്ട് പോയി നിക്ഷേപിച്ചോളൂ എന്ന് എല്ലാവരെയും ക്യൂവില്‍ നിര്‍ത്തിയിരിക്കുകയാണ്. ഇപ്പോള്‍ നമ്മള്‍ നിക്ഷേപിക്കുന്ന പണം കൊണ്ട് ഇവരുടെ കൂട്ടുകാരായ ശതകോടീശ്വരന്മാരുടെ, എട്ടു ലക്ഷം കോടി ലോണ്‍ എടുത്തു മുങ്ങി നടന്നവരുടെ ലോണ്‍ എഴുതിത്തള്ളും. നമ്മളെല്ലാവരും ക്യൂവില്‍ നിന്നും നമ്മളുടെ സ്വന്തം കാശ് നിക്ഷേപിക്കുമ്പോള്‍ നമ്മുടെ കാശു കൊണ്ട് ഇവരുടെ എല്ലാ ലോണും എഴുതി തള്ളും. നമ്മുടെ കാശെല്ലാം തിരിച്ചു കിട്ടും എന്ന് പോലും എനിക്ക് സംശയം ആണ്.

സഹോദങ്ങളെ ഇത് ഏറ്റവും വലിയ ഒരു അഴിമതി ആണ്.  ഞാന്‍ കള്ളം പറയുകയല്ല. കുറച്ചു ദിവസം മുന്‍പ് അവര്‍ അത് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ആഴ്ച നമ്മള്‍ പാവങ്ങള്‍ ക്യൂവില്‍ നില്‍കുമ്പോള്‍ സ്റ്റേറ്റ് ബാങ്ക് 63 ശതകോടീശ്വരന്മാരുടെ ആറായിരം കോടിയുടെ ലോണ്‍ എഴുതി തള്ളി. നിങ്ങളെല്ലാവരും വിജയ മാല്യ എന്ന ആളിനെ പറ്റി കേട്ടിട്ടുണ്ടോ? ആരൊക്കെ കേട്ടിട്ടുണ്ട് ഒന്ന് കൈ പോക്കിക്കെ, എല്ലാവരും കേട്ടിടുണ്ട്. വിജയ്‌ മാല്യ മദ്യ കച്ചവടം നടത്തുന്ന ആളാണ്.  വലിയ ഫാക്ടറി ഉണ്ട്. വലിയ പണക്കാരന്‍ ആണ്. വലിയ ശതകോടീശ്വരന്‍ ആണ്. മോഡീജിയുടെ നല്ല കൂട്ടുകാരന്‍ ആണ്,  ഇദ്ദേഹത്തിന്റെ ഫോട്ടോ കണ്ടിട്ടുണ്ടാകും, നഗ്നരായ പെണ്‍കുട്ടികള്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്ന ആളാണ്‌. വിജയ്‌ മാല്യയുടെ പേരില്‍ എണ്ണായിരം കോടി രൂപയുടെ ലോണ്‍ ആണ് ഉള്ളത്. ഒരു ദിവസം രാത്രി മോദിജി ഇദ്ദേഹത്തെ വിമാനത്തില്‍ കയറ്റി രാജ്യത്തു നിന്നും പോകാന്‍ സഹായിച്ചു. ലണ്ടനില്‍ പോയി. ഇപ്പോള്‍ അയാള്‍ ലണ്ടനില്‍ ആണ് ഇരിക്കുന്നത്. സര്‍ക്കാരിനോട് ചോദിച്ചപ്പോള്‍, സര്‍ക്കാര്‍ പറയുന്നത് അവര്‍ അറിഞ്ഞതെ ഇല്ലേന്നാണ്‌. ഹേയ്, വിമാനത്താവളത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒക്കെ ഉള്ളതല്ലേ, പോലീസ് ഉണ്ട്, കസ്റ്റംസ് ഉണ്ട്, ഇമ്മിഗ്രേഷന്‍ ഉണ്ട്,  എണ്ണായിരം കോടിയുടെ ലോണ്‍ ഉള്ള ഒരാള്‍  ഒരു ദിവസം തന്‍റെ വിമാനത്തില്‍ കയറി നാട് വിട്ടു, എന്നിട്ടും മോദിജി അറിഞ്ഞില്ല എന്നാണ് പറയുന്നത്. നമ്മള്‍ വിഡ്ഢികള്‍ ആണോ? കഴുതകള്‍  ആണോ? ഈ രാജ്യം മുഴുവനും വിഡ്ഢികള്‍ ആണോ? അപ്പോള്‍ ശരി, എന്തായാലും ഓടി പോയി, ഇപ്പൊ മോദിജി പറയുന്നത് ശ്രമിക്കുകയാണെന്നാണ്‌, ലണ്ടന്‍ സര്‍ക്കാരിനോട് സംസാരിച്ചുകൊണ്ട് ഇരിക്കുക ആണ്, ഇയാളെ തിരിച്ചു കൊണ്ട് വരാനായി, നല്ലകാര്യം, എണ്ണായിരം കോടി കൊണ്ടാണ് മുങ്ങിയത്,  കഴിഞ്ഞ ആഴ്ച നമ്മളൊക്കെ ക്യൂ നിന്ന് നമ്മുടെ പൈസ ബാങ്കില്‍ അടക്കുമ്പോള്‍, അതില്‍ 1200 കോടിയുടെ വിജയ്‌ മാല്യയുടെ ലോണ്‍ എഴുതി തള്ളി ഈ സര്‍ക്കാര്‍. നിങ്ങളുടെ 1200 കോടി രൂപ, ഈ കഴിഞ്ഞ ആഴ്ച, കള്ളം പറയുക ആണോ തിരിച്ചു കൊണ്ട് വരാന്‍ ലണ്ടന്‍ സര്‍ക്കാരിനോട് സംസാരിക്കുക ആണെന്ന് പറഞ്ഞ്. ഇയാളെ തിരിച്ചു കൊണ്ട് വരാന്‍ ആണ് ശ്രമിക്കുന്നത് എങ്കില്‍ എന്തുകൊണ്ടാണ് ഇയാളുടെ 1200 കോടിയുടെ ലോണ്‍ എഴുതിതള്ളിയത്?
കര്‍ഷകരുടെ ലോണ്‍ എന്തുകൊണ്ടാണ് എഴുതിതള്ളാത്തത്? ബിസിനസ്‌കാരുടെ എന്തുകൊണ്ടാണ് ചെയ്യാത്തത്? ഈ ചെറിയ ചെറിയ ആളുകളുടെ എന്തുകൊണ്ട് ചെയ്യുന്നില്ല? എന്ത് ബന്ധം ആണ് വിജയ്‌ മാല്യയും മോദിജിയും തമ്മില്‍? ഈ ലോണ്‍ എഴുതിതള്ളിയ ശതകൊടീശ്വരന്മാരുമായി എന്ത് ബന്ധം ആണ് മോഡീജിക്ക് ഉള്ളത്?

എനിക്ക് മോഡീജിയുമായി 100 കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരിക്കാം, പക്ഷെ ഞാന്‍ വിചാരിച്ചു കൊണ്ടിരുന്നത് മോദിജി സത്യസന്ധന്‍ ആണെന്നാണ്. എന്നാല്‍ കൂട്ടുകാരെ, ഇത് എന്റെ കൈയില്‍ ഇരിക്കുന്ന ഈ പേപ്പര്‍, ഇത് നോക്കി കഴിഞ്ഞപ്പോള്‍. ഞാന്‍ നിങ്ങളോടെ ഒരു കാര്യം ചോദിക്കാന്‍ ആഗ്രഹിക്കുക ആണ്, ആരൊക്കെ വിചാരിക്കുന്നുണ്ട് മോദിജി സത്യാസന്ധന്‍ അല്ല എന്ന്, ക്യാമറകാര്‍ ഇതൊന്നു കാണിച്ചേ. പറയൂ ആരൊക്കെ വിചാരിക്കുന്നുണ്ട് മോദിജി കൈകൂലി മേടിച്ചിട്ടുണ്ട് എന്ന്? സത്യസന്ധന്‍ അല്ല എന്ന്? ഈ ക്യാമറകാര്‍ ഇതൊക്കെ എടുത്തിട്ട് ടീവിയില്‍ കാണിക്കണേ. ഇത് ഞാനല്ല പറയുന്നത് ജനങ്ങള്‍ ആണ്. ഇന്ന് ഞാന്‍ നിങ്ങളുടെ മുന്‍പില്‍, ഈ നാട്ടിലെ രണ്ടു ശതകോടീശ്വരന്‍മാരുടെ അക്കൗണ്ട്‌ ബുക്സ് കാണിക്കാം, അതില്‍ എഴുതി ഇരിക്കുന്നത് മോഡിജിക്ക് കൈകൂലി കൊടുത്തിട്ടുണ്ട്‌ എന്നാണ്, അതാണ് എന്റെ കൈയില്‍ ഉള്ളത്. നിങ്ങള്‍ എല്ലാവരും ആദിത്യബിര്‍ളയുടെ പേര് കേട്ടിട്ടുണ്ടോ? ബിര്‍ളയുടെ അവിടെ ഒരു റെയ്ഡ് ഉണ്ടായി, 15 ഒക്ടോബര്‍ 2013 ല്‍ റെയ്ഡ് ഉണ്ടായി. ഇത് ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട്‌ ആണ്, ഞാന്‍ പറയുന്നതല്ല, ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്‌മെന്റിന്റ് റിപ്പോര്‍ട്ട്‌ ആണ് പറയുന്നത്. ഇതില്‍ എഴുതിയിരിക്കുന്നത്, ബിര്‍ളയുടെ കമ്പ്യൂട്ടറില്‍ എഴുതിയിരിക്കുന്നത്, ഞാന്‍ റിപ്പോര്‍ട്ട്‌ നോക്കി വായിക്കാം. ഗുജറാത്ത് സി.എം 25 കോടി, 12 ഡണ്‍, റെസ്റ്റ് ?? അതായതു ഗുജറാത്ത് സി.ഏം, ആ സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രി ആരായിരുന്നു മോദിജി 2013ല്‍. ഗുജറാത്ത് മുഖ്യമന്ത്രിക്ക് 25 കോടി കൊടുക്കാന്‍ ഉണ്ട്, 12 കൊടുത്തു ബാക്കി ഇനി കൊടുക്കാന്‍ ഉണ്ട്. ഇത് ബിര്‍ളയുടെ കമ്പ്യൂട്ടറില്‍ കിട്ടിയതാണ് ഞാന്‍ പറയുന്നതല്ല.

സഹോദരങ്ങളെ ഇത് നടന്നിട്ട് ഇപ്പോള്‍ 2 വര്‍ഷമായി, മോദിജി പ്രധാനമന്ത്രി ആയി, അദ്ദേഹം എല്ലാ അന്വേഷണവും നിര്‍ത്തി വെച്ചു. എന്തുകൊണ്ടാണ് അന്വേഷണം നിര്‍ത്തി വെച്ചത്, അദ്ദേഹം കൈകൂലി മേടിച്ചിട്ടില്ലായിരുന്നു എങ്കില്‍ അദ്ദേഹം അന്വേഷണം നടത്തുമായിരുന്നു. ഈ ബി.ജെ.പികാര്‍ എന്നും എന്‍റെമേല്‍ ആരോപണം ഉയര്‍ത്തും, എന്ത് കുറ്റം വേണമെങ്കിലും ആരോപിക്കും. നെഞ്ച് വിരിച്ച് ഞാന്‍ പറയും അന്വേഷണം നടത്തിക്കോളൂ. എനിക്ക് പേടിയില്ല, കാരണം ഞാന്‍ ഒരു പാപവും ചെയ്തിട്ടില്ല, അന്വേഷണം നടത്തു, നിങ്ങളുടെ പോലീസിനെക്കൊണ്ട് നിങ്ങള്‍ അന്വേഷണം നടത്തു,  ഇന്ന് വരെ ഒരു ഫലവുമുണ്ടായിട്ടില്ല. എന്നാല്‍ മോദിജി കൈകൂലി മേടിച്ചിട്ടില്ല എങ്കില്‍ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല? അതിന്റെ അര്‍ത്ഥം മോദിജി കൈകൂലി വാങ്ങി എന്നാണ്. ആരൊക്കെ വിചാരിക്കുന്നുണ്ട് മോദിജി ബിര്‍ളയുടെ കൈയില്‍ നിന്നും കൈകൂലി വാങ്ങി എന്ന്?

കൂട്ടുകാരെ, ഇനിയും ഉണ്ട് തെളിവുകള്. 22 നവംബര്‍ 2014 ന് സഹാറയില്‍ ഇന്‍കം ടാക്സിന്റെ റെയ്ഡ് ഉണ്ടായി, സഹാറയുടെ പേര് കേട്ടിട്ടുണ്ടല്ലോ എല്ലാവരും, സഹാറയില്‍ ഇന്‍കം ടാക്സിന്റെ റെയ്ഡ് ഉണ്ടായി. ആ റെയ്ഡില്‍ ഒരു മുറിയില്‍ നിന്നും 130 കോടി കിട്ടി,
ആ മുറിയില്‍ നിന്നും കുറച്ചു രേഖകളും ഇന്‍കം ടാക്സുകാര്‍ക്ക് കിട്ടി, , ആ പേപ്പറില്‍ എഴുതിയിരിക്കുന്നത് സഹാറ ഏതൊക്കെ നേതാക്കന്മാര്‍ക്ക് എത്രെഒക്കെ കൈകൂലി കൊടുത്തു എന്നായിരുന്നു. ആ പേപ്പര്‍ എന്റെ കൈയില്‍ കിട്ടി. അവരുടെ സമയം മോശമാണ്, അവരുടെ തെറ്റായ കാര്യങ്ങളുടെ എല്ലാ പേപ്പറും എന്റെ കൈയില്‍ വന്നെത്തുമ്. ഞാന്‍ ഇന്ന് അതും കൊണ്ട് വന്നിട്ടുണ്ട്. സഹോദരങ്ങളെ ഇതില്‍ ഇന്‍കം ടാക്സ് ഓഫീസറിന്റെ ഒപ്പ്‌ ഉണ്ട്. ഇതില്‍ സഹാറയുടെ ജോലിക്കാരന്റെ ഒപ്പ്‌ ഉണ്ട് ഇതില്‍ രണ്ടു സാക്ഷികളുടെ ഒപ്പ്‌ ഉണ്ട്. ഇന്‍കംടാക്സിന്റെ പേപ്പര്‍ ആണ്. സഹാറയുടെ മുറിയില്‍ നിന്നും കണ്ടെത്തിയതാണ്, ഇതില്‍ എന്താണ് എഴുതിയിരിക്കുന്നത് എന്ന് ഞാന്‍ വായിച്ചു കേള്‍പ്പിക്കാം.
ഇതില്‍ എഴുതിയിരിക്കുന്നത്, ഏതൊക്കെ നേതാക്കന്മാര്‍ക്ക്, എത്രെയൊക്കെ ഏതൊക്കെ ദിവസങ്ങളില്‍ കൈകൂലി കൊടുത്തു എന്നാണ്

30 ഒക്ടോബര്‍ 2013: 2.5 കോടി രൂപ കാഷ്‌ ഗിവെണ്‍ അറ്റ് അഹമ്മദാബാദ് റ്റു മോദീജി.
അതിനു ശേഷം
12 നവംബര്‍ 2013: 5 ലക്ഷം  രൂപ കാഷ്‌ ഗിവെണ്‍ അറ്റ് അഹമ്മദാബാദ് റ്റു മോദീജി
27 നവംബര്‍ 2013: 2.5 കോടി രൂപ കാഷ്‌ ഗിവെണ്‍ അറ്റ് അഹമ്മദാബാദ് റ്റു മോദീജി
29 നവംബര്‍ 2013: 5 കോടി രൂപ കാഷ്‌ ഗിവെണ്‍ അറ്റ് അഹമ്മദാബാദ് റ്റു മോദീജി

ഇത് കണ്ടിട്ട് തോന്നുന്നത് എല്ലാ ദിവസവും മോടിജിക്ക് പൈസ കിട്ടികൊണ്ടേ ഇരിക്കുകയായിരിന്നു എന്നാണ്. സഹോദങ്ങളെ ഇത് എന്‍ട്രി ആണ് സഹാറയുടെ ബുക്കിലെ എന്‍ട്രി ആണ് മോഡിജിക്ക് ഇത്രയും കാശ് കൊടുത്തു എന്ന്. ഇപ്പോള്‍ എന്റെ കൈയില്‍ ഒരു പേപ്പര്‍ മാത്രമേ ഉള്ളു. വേറൊരു പേപ്പറില്‍ മോദിജിയുടെ 7 എന്‍ട്രി ആണ് ഉള്ളത്. 40 കോടി ഞാന്‍ മോഡിജിക്ക് കൊടുത്തു എന്നാണ് സഹാറ പറയുന്നത്. ഇത് കഴിഞ്ഞിടട്ട് ഇപ്പോള്‍ രണ്ടു വര്‍ഷമായി, എന്നിട്ടും മോദിജി ഇതിനല്‍ ഒരു അന്വേഷണവും നടത്താന്‍ നോക്കിയില്ല. എല്ലാ വിഷയത്തെയും അമര്‍ച്ചചെയ്തു. എല്ലാ പേപ്പറും മുക്കി കളഞ്ഞു. മോദീജിയുടെ ഹൃദയത്തില്‍ കള്ളത്തരം ഇല്ലായിരുന്നു എങ്കില്‍ എന്ത്കൊണ്ട് മോദിജി ഇതിന്റെ സത്യാവസ്ഥ കൊണ്ടുവരാന്‍ അന്വേഷണം നടത്തിയില്ല. ഇതില്‍ നിന്നും മനസ്സിലാകുന്നത്‌ മോദിജി സഹാറയുടെ കൈയില്‍ നിന്നും കൈകൂലി വാങ്ങി എന്നാണ്, ആര്‍ക്കൊക്കെ അങ്ങനെ തോന്നുന്നുണ്ട്… ഞാന്‍ പറയുന്നത് മോദിജി ബിര്‍ളയുടെ കൈയില്‍ നിന്നും കാശ് വാങ്ങിയിട്ടുണ്ട് എങ്കില്‍,  വിജയ്‌ മാല്യയെ സ്വതന്ത്രനായി രാജ്യത്തു നിന്നും രക്ഷപെടാന്‍  സഹായിചിട്ടുണ്ടാവില്ലേ.
മനസ്സില്‍ ഉണ്ടാകുന്ന ഒരു സംശയമാണ്, വിജയ്‌ മാല്യയുടെ 12000 കോടിയുടെ ലോണ്‍ ഫ്രീ ആയിട്ട് എഴുതിതള്ളിയതാവില്ല, മനസ്സില്‍ ഉണ്ടാകുന്ന സംശയം ആണ് ഒരു ലക്ഷത്തിപതിനായിരം രൂപ ലോണ്‍ എഴുതി തള്ളിയ ശതകോടീശ്വരന്‍മാര്‍ എല്ലാവരില്‍ നിന്നും കൈകൂലി വാങ്ങിയിട്ടുണ്ടാകും.  എത്ര കാശ് വാങ്ങിയിട്ടാണ്‌ അവരുടെ ലോണ്‍ എഴുതി തള്ളിയത് എന്ന്‌ മോദിജി പറയണം ? അതുപോലെ നമ്മള്‍ ക്യൂവില്‍ നിന്ന് നിക്ഷേപിക്കുന്നന കാശ് കൊണ്ട് 8ലക്ഷം കോടിയുടെ ലോണ്‍ എഴുതിതള്ളാന്‍ പോകുകയാണ്. മോദിജി പറയുക ഇവരുടെ കൈയില്‍ നിന്നും എത്രകോടിയുടെ കൈകൂലി വാങ്ങിയിട്ടാണ് ഈ പദ്ധതി ഇവിടെ കൊണ്ട് വന്നത്.

രാജ്യത്തെ മുഴുവനും ക്യൂവില്‍ നിര്‍ത്തിയിരിക്കുകയാണ് കൂട്ടുകാരെ. അതുകൊണ്ട് ആണ് ഞാന്‍ എപ്പോഴും പറയുന്നത് ഇത് കള്ളപ്പണം ഇല്ലാതാക്കാന്‍ ഉള്ള പദ്ധതി അല്ല, ഇത് അഴിമതി ഇല്ലാതാക്കാന്‍ ഉള്ള പദ്ധതി അല്ല, ഇത് 8 ലക്ഷം കൂടിയുടെ ഒരു വലിയ അഴിമതി ആണ്, സ്വതന്ത്രഭാരതത്തിലെ ഏറ്റവും വലിയ അഴിമതി. കോണ്‍ഗ്രസ്‌ ആയിരുന്നപ്പോള്‍ വിചാരിച്ചു അവരാണ്‌ വലിയ അഴിമതിക്കാരെന്ന്, പക്ഷെ കോണ്‍ഗ്രസുകാര്‍ എതൊക്കെ ചെയ്തു, 2 ലക്ഷം കോടിയുടെ 2ജിയുടെ അഴിമതി ചെയ്തു, 2 ലക്ഷം കോടിയുടെ കല്‍ക്കരി അഴിമതി ചെയ്തു. ഞാന്‍ പറയും കോണ്‍ഗ്രസ്‌കാര്‍ മോദീജിയില്‍ നിന്നും ഒരുപാടു പഠിക്കാന്‍ ഉണ്ട്, ഒറ്റ നില്‍പ്പില്‍ സിക്സര്‍ അടിച്ചു ഒറ്റ അടിയില്‍ 8 ലക്ഷം കോടിയുടെ അഴിമതി ചെയ്തു. ഇപ്പോള്‍ പറയുന്നത് നിങ്ങളുടെ വീട്ടില്‍, മോഡിജിക്ക് എല്ലാവരെയും  കള്ളന്മാരായി മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ എന്നാണ്‌, നിങ്ങള്‍ കര്‍ഷകരുടെ വീട്ടില്‍ കള്ളപ്പണം കാണാന്‍ കഴിയുന്നുണ്ട്, തൊഴിലാളികളുടെ വീട്ടില്‍ കള്ളപ്പണം കാണാന്‍ കഴിയുന്നുണ്ട്, ഞാന്‍ നിങ്ങളുടെ വീട്ടില്‍ കയറി നിങ്ങളുടെ സ്ത്രീകളുടെ സ്വര്‍ണം പരിശോധിക്കും . ഗോവയില്‍ അദ്ധേഹത്തിന്റെ പ്രസംഗം കേട്ടിരുന്നോ നിങ്ങള്‍, പ്രസംഗത്തില്‍ പറയുന്നത് ഒരു ലക്ഷം റിട്ടയേര്‍ഡ്‌ ഇന്‍കം ടാക്സ് ഓഫീസര്‍മാരെ മോദിജി നിയമിക്കാന്‍ പോകുകയാണ് എന്നാണ്‌. ഒരു ലക്ഷം ഇന്‍കം ടാക്സ് ഓഫീസര്‍മാര്‍ രാജ്യത്തെ മുഴുവന്‍ വീട്ടിലും കയറി റെയ്ഡ് ചെയ്യാന്‍ പോകുകയാണ്, നിങ്ങളുടെ നിങ്ങളുടെ അലമാരികള്‍ തുറന്നു പരിശോധിക്കും, സ്ത്രികളുടെ കയ്യില്‍ എത്ര ആഭരണം ഉണ്ട്, എത്ര സ്വര്‍ണം ഉണ്ട് എന്ന്. മോഡിജിക്ക് അംബാനിയുടെ വീട്ടിലെ സ്വര്‍ണം കാണാന്‍ കഴിയുന്നില്ല, അഡാനിയുടെ വീട്ടിലെ സ്വര്‍ണ്ണം കാണാന്‍ കഴിയുന്നില്ല, വിജയ്‌ മാല്യയുടെ വീട്ടിലെ സ്വര്‍ണ്ണം കാണാന്‍ കഴിയുന്നില്ല. നമ്മുടെ വീട്ടിലെ സ്വര്‍ണ്ണം കാണാന്‍ കഴിയുന്നുണ്ട്, പിഴിയാന്‍ ശ്രമിക്കുകയാണ്, നമ്മുടെ രക്തം ഇവര്‍ ഊറ്റികുടിച്ചു . കൂട്ടുകാരെ ഇത്  ആലോചിക്കുമ്പോള്‍  എന്റെ ശരിരം വിറക്കുകയാണ്.

ഞാന്‍ കഴിഞ്ഞ ദിവസം ഞങ്ങളുടെ ദില്ലിയില്‍ ഭവാനി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പോയിരുന്നു, എല്ലാ വ്യവസായവും അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്, ചില വ്യവസായങ്ങള്‍ ലോക്ക്ഔട്ട്‌ ആയിരിക്കുകയാണ്, എല്ലാ തൊഴിലാളികളും പട്ടിണിയിലാണ്,, മാര്‍ക്കറ്റ്‌ മൊത്തം അടഞ്ഞുകൊണ്ടിരിക്കുകയാണ്, നമ്മുടെ ആസാദ്പൂര്‍ മാര്‍ക്കറ്റില്‍ എത്രെയോ ട്രക്കുകളാണ്  വന്നു കൊണ്ടിരുന്നത് ഇപ്പോള്‍ ഒന്നിനെ പോലും കാണാന്‍ കിട്ടുന്നില്ല, മാര്‍കറ്റ്‌ അടഞ്ഞു കിടക്കുകയാണ്, എല്ലാവരുടെയും ജോലി ഇല്ലാതെ ആയി കൊണ്ടിരിക്കുകയാണ്, ബിസിനസ്‌ ഇല്ലാതെ ആയി കൊണ്ടിരിക്കുകയാണ്, ഇങ്ങനെ എത്രകാലം  മുന്നോട്ട് പോകും കൂട്ടുകാരെ?  ഇവിടെയും എല്ലാം അടഞ്ഞു കിടക്കുകയാണോ?

കൂട്ടുകാരെ, ഒരു മാസം കൊണ്ട് മോദിജി നമ്മുടെ രാജ്യത്തെ 20 വര്‍ഷം പിന്നോട്ട് വലിചിരിക്കുക ആണ്, 20 വര്ഷം പിന്നോട്ട് വലിചിരിക്കുകയാണ്, കുറച്ച് ആളുകള്‍ തെറ്റിധരിപ്പിക്കപ്പെട്ടിരിക്കുകയാണ്, ഞാന്‍ കുറച്ചു ആളുകളെ ഈ ദിവസങ്ങളില്‍ കാണാന്‍ പോയപ്പോള്‍ അവര്‍ പറയുന്നത്, ഞങ്ങളോ കൊള്ളയടിക്കപ്പെട്ടു, ഞങ്ങള്‍ക്കൊപ്പം പണക്കാരെയും കൊള്ളയടിച്ചു, ഇങ്ങനെ ഒക്കെ പറയുമായിരുന്നു, ഇങ്ങനെയും ചിലര്‍ സന്തോഷിക്കുമായിരുന്നു, ഞങ്ങള്‍ പാവപ്പെട്ടവര്‍ എന്തായാലും പെട്ടു എന്നാലും ഓരോ പണക്കാരും പെട്ടല്ലോ അതുമതി എന്ന്‌. ഇപ്പോള്‍ അവരെയും കബളിപ്പിച്ചു. ദേ മോദിജി ഇപ്പോള്‍ 50 – 50 പദ്ധതി കൊണ്ട് വന്നു.  ആരുടെ ഒക്കെ കൈയില്‍ കള്ളപ്പണം ഉണ്ടോ, അവരൊക്കെ വന്നു 50 ശതമാനം മാത്രം നിക്ഷേപിച്ചാല്‍ മതി. ദേ കുറച്ചു മുന്‍പ് ഞാന്‍ പറഞ്ഞത് പോലെ സന്തോഷിച്ചിരുന്നവരും പെട്ടു. അവര്‍ കാണുന്നത് പണക്കാരന്‍ അവന്റെ കാശ് കൊണ്ട് പോയി നിക്ഷേപിക്കുന്നു. മോദിജി പറയുന്നത്, നിങ്ങള്‍ 10 കോടിയുടെ കൈകൂലി മേടിച്ചു കൈയില്‍ വെച്ചിട്ടുണ്ടെങ്കില്‍ 5 കോടി എനിക്ക് താ ബാക്കി 5 കോടി നീ വെച്ചോ, മുഴുവനും വൈറ്റ് ആയി. മോദിജി ഇത് വലിയ അപകടകരമായ പദ്ധതി ആണ് . നിങ്ങള്‍ തീവ്രവാദിക്ക് വേണ്ടി പൈസ ഉണ്ടാക്കി വെച്ചിട്ടുണ്ടെങ്കില്‍, കള്ളത്തരത്തില്‍  പൈസ ഉണ്ടാക്കി വെച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ മയക്കുമരുന്നില്‍ കൂടി പൈസ ഉണ്ടാക്കി വെച്ചിട്ടുണ്ടെങ്കില്‍ 100 കോടി ഉണ്ടാക്കിയിട്ണ്ടെങ്കില്‍ , മോദിജി പറയുന്നത് 50 കോടി എനിക്ക് തരു ബാക്കി 50 കോടി നീ വെച്ചോളൂ നിന്റെ പൈസ വൈറ്റ് ആയി. ഇങ്ങനെ ആണോ മോദിജി അഴിമതി ഇല്ലാതെ ആക്കുന്നത്? ഇങ്ങനെ ആണോ തീവ്രവാദം മോദിജി ഇല്ലാതെ ആക്കുന്നത് ?

കുറച്ചു ആളുകള്‍ ഇങ്ങനെയും തെറ്റിധരിപ്പിക്കപ്പെട്ടിരിക്കുകയാണ്, ഏറ്റവും പാവപ്പെട്ടവര്‍ പറയുന്നത്, ഈ പണക്കാരുടെ കാശ് കിട്ടിയിട്ട് ജനധന്‍ അക്കൗണ്ടില്‍ 50000 രൂപ ഇടും എന്നാണ്‌, ഇങ്ങനെയും പറഞ്ഞു നടക്കുന്നില്ലേ ചിലര്‍? 15ലക്ഷം നമ്മുടെ അക്കൗണ്ടില്‍ ഇടും എന്നു പറഞ്ഞതല്ലെ മോഡീജി, തിരഞ്ഞെടുപ്പിന്റെ സമയത്ത് 15 ലക്ഷം, നിക്ഷേപിക്കും എന്നല്ലേ പറഞ്ഞു നടന്നത്. ആര്‍ക്കൊക്കെ 15 ലക്ഷം കിട്ടി ഒന്ന് കൈ പോക്കിക്കെ? 15 ലക്ഷം തന്നില്ല, 50000 തരും എന്ന്,  ഞാന്‍ പറയുന്നത് ഇപ്പോള്‍ നമ്മള്‍ ഡെപോസിറ്റ്‌ ചെയ്യുന്ന നമ്മുടെ പണം പോലും നമുക്ക് കിട്ടില്ല അതും ഈ ശതകൊടീശ്വരന്മാര്‍ക്ക് കൊടുക്കാന്‍ പോകുകയാണ്. ജനധനില്‍ കാശ് ഡെപോസിറ്റ്‌ ചെയ്യും എന്ന തെറ്റിധാരണയില്‍ ആരും ഇരിക്കല്ലേ, ഒരൊറ്റ നയാ പൈസ പോലും ഡെപോസിറ്റ്‌ ചെയ്യില്ല.

അതുപോലെ എനിക്ക് മനസിലാകാത്ത മറ്റൊരു കാര്യം, എല്ലാ ദിവസവും ബി.ജെ.പിക്കാര്‍ പിടിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബിജെപിയുടെ ഒരു നേതാവ് വെസ്റ്റ് ബംഗാളില്‍ പിടിക്കപ്പെട്ടു, 33 ലക്ഷം രണ്ടായിരം രൂപയുടെ പുതിയ നോട്ടുമായി പിടിക്കപ്പെട്ടു. ഇവരുടെ കൈയ്യില്‍ എങ്ങിനെ പൈസ എത്തുന്നു? ഈ പാവങ്ങള്‍ക്ക് ഇന്നലെ മുതല്‍ ലൈനില്‍ നില്‍ക്കുന്നവര്‍ക്ക് രണ്ടായിരം രൂപ കിട്ടുന്നില്ല, നിങ്ങളെയൊക്കെ ലൈനില്‍ നിര്‍ത്തിയെക്കുകയാണ് നിങ്ങള്‍ക്ക് കിട്ടുന്നില്ല, ബിജെപിക്കാര്‍ക്ക് പിറകിലത്തെ വാതിലില്‍ കൂടി എല്ലാ കാശും കിട്ടികൊണ്ടിരിക്കുക ആണ്, നമ്മള്‍ എന്താ വിഡ്ഢികള്‍ ആണോ? നമ്മളെ വിഡ്ഢികളായി കാണുകയാണോ മോദിജി? ബിജെപിക്കാര്‍ക്ക് നോട്ടു കിട്ടുന്നു, ശതകോടീശ്വരന്മാര്‍ക്കും നോട്ടു കിട്ടുന്നു, സാധാരണ ജനങ്ങള്‍ ലൈനില്‍ നില്‍ക്കുകയാണ്. മോദിജി പറയുന്നു, നിങ്ങള്‍ കുറച്ചു ദിവസത്തേക്ക് ത്യാഗം ചെയ്യുക, ഞാന്‍ പറയുന്നു മോദിജി താങ്കളും കുറച്ചു ത്യാഗം ചെയ്യൂ. ഞാന്‍ തെറ്റൊന്നും പറയുന്നില്ലല്ലോ അല്ലെ? കുറച്ചു ത്യാഗം താങ്കളും ചെയ്യൂ.  ബിജെപിക്കാരുടെ കൈയില്‍ ആണ് കള്ളപ്പണം മുഴുവനും ഉള്ളത്. ബിജെപിക്കാര്‍ക്ക് 70% സംഭാവന കിട്ടുന്നത് കാശായിട്ടാണ്.

രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും പഠിപ്പിക്കുകയാണ് മോദിജി,  അത് ചെയ്യുക ഇത് ചെയ്യുക എന്നൊക്കെ. മോദിജി ഇന്ന് പ്രഖ്യപ്പിക്കുക ബിജെപിയുടെ എല്ലാ ഫണ്ടും പേറ്റിയെം ​വഴി മാത്രമേ സ്വീകരിക്കുകയുള്ളു എന്ന്‌? സ്വന്തമായി സംഭാവന കള്ളപ്പണമായി വാങ്ങും , സ്വന്തമായി ഭാവന കാശായിട്ട് വാങ്ങുമ്, എന്നിട്ട് നമ്മളെ പഠിപ്പിക്കുകയാണ് പേറ്റിയെം ​ഉപയോഗിക്ക്കാന്. മോദിജി പേറ്റിയെം ​ബിജെപിയിലും ഉപയോഗിക്കുക. ആഹ്വാനം ചെയ്യുക. സഹോദരങ്ങളെ കോണ്‍ഗ്രസ്‌കാരുടെ 80% സംഭാവനയും  കള്ളപ്പണം ആണ്, ബിജെപിയുടെ 70% സംഭാവന്യും  കള്ളപ്പണം ആണ്. ആംആദ്മി പാര്‍ട്ടി മാത്രമേ ഉള്ളു എല്ലാ സംഭാവനയും  വൈറ്റ് ആയി വാങ്ങുന്നത്‌. 92% സംഭാവനയും  ഞങ്ള്‍  ബാങ്കില്‍ കൂടി ആണ് വാങ്ങുന്നത് . ഞങ്ങള്‍ക്ക് ചെയ്യാമെങ്കില്‍ നിങ്ങള്‍ക്ക് എന്തുകൊണ്ടാണ് കഴിയാത്തത്. മോഡീജിയെ പറ്റി എനിക്ക് വിഷമം ഉണ്ടാക്കിയ മറ്റൊരു വിഷയം സ്വന്തം അമ്മയെ ക്യൂവില്‍ കാശിനു വേണ്ടി നിര്‍ത്തിയതാണ്‌.  സഹോദങ്ങളെ ഇത് തെറ്റാണു. നാളെ ഇത് പോലെ ക്യൂവില്‍ നില്‍കേണ്ടി വരുന്ന ഒരു അവസ്ഥ ഉണ്ടാവുകയാണെങ്കില്‍ ഞാന്‍ പോയി നില്‍ക്കും എന്റെ അമ്മയെ നിര്‍ത്തില്ല. നമ്മുടെ മാതാപിതാക്കള്‍ എന്തുകൊണ്ടാണ് മക്കളെ വളര്‍ത്തുന്നത്, വലുതാവുമ്പോള്‍ അവര്‍ക്ക് ഒരു തുണയാകും അല്ലെങ്കില്‍ സഹായമാകും എന്ന് കണ്ടല്ലേ വളര്‍ത്തുന്നത്. 90 വയസാകുമ്പോള്‍ നമ്മളെ  സ്വന്തം രാഷ്ട്രീയ ലാഭത്തിനായി  ക്യൂവില്‍  കൊണ്ട് നിര്‍ത്തും എന്ന്‌ വിചാരിച്ചു കൊണ്ടല്ല  . 90 വയസുള്ള സ്വന്തം അമ്മയെ ക്യൂവില്‍ നിര്‍ത്തുന്ന മകനെ എന്താ വിളിക്കേണ്ടത്?

മോദിജി പറയുന്നത് കുറച്ചു ത്യാഗം ചെയ്യൂ, 2.5 ലക്ഷം കൊണ്ട് കല്യാണം നടത്തൂ. ബാംഗ്ലൂര്‍ ഉള്ള മോദിജിയുടെ കൂട്ടുകാരന്‍ റെഡ്ഡി ബ്രദര്‍സ്  കല്യാണം നടത്തിയത്‌ 500 കോടി ചിലവാക്കി കൊണ്ടാണ്‌. ഞാന്‍ ചോദിക്കുക ആണ് അവിടെ 500 കോടിക്ക് നോട്ടു എങ്ങിനെ മാറ്റി കിട്ടി . താങ്കളോടെ കൂട്ടുകാര്‍ക്ക് 500 കോടിയുടെ കല്യാണം നടത്താം എന്നിട് നമ്മളോട് പറയുന്നു 2.5 ലക്ഷത്തിനു കല്യാണം നടത്തൂ  എന്ന്. ഞങ്ങളുടെ വീടിലെ സ്ത്രീകള്‍ എന്താ ആര്‍ക്കും വേണ്ടാത്തവര്‍ ആണോ? ഈയിടെ ബിജെപിയുടെ മഹേഷ്‌ ശര്‍മയുടെ മകളുടെ കല്യാണം കഴിഞ്ഞു. 5-സ്റ്റാര്‍ ഹോട്ടലില്‍ കോടികള്‍ ചിലവാക്കി. അരുണ്‍ ജെട്ലിയുടെ മകളുടെ കല്യാണം നടന്നു കോടികള്‍ മുടക്കി. നിങ്ങള്‍ക്കെല്ലാം കോടികള്‍ മുടക്കി കല്യാണം നടത്താം എന്നിട്ട്‌ നമ്മളോട് പറയുകയാണ് ത്യാഗം ചെയ്യൂ എന്ന്. മോദിജി കുറച്ചു ത്യാഗം താങ്കളും ചെയ്യൂ. ബിജെപി എം.പിമാരുടെ അല്ലെങ്കില്‍എംഎല്‍എ മാരുടെ വീടുകളില്‍ മക്കളുടെ കല്യാണം ഉണ്ടെകില്‍ അവരോടു പറയുക 2.5 ലക്ഷത്തിനു കല്യാണം നടത്തൂ എന്ന്. നിങ്ങള്‍ 2.5 ലക്ഷത്തിനു കല്യാണം നടത്തി കാണിക്കൂ ഞങ്ങള്‍ 1.5 ലക്ഷത്തിനു നടത്തി കാണിക്കാം. രാജ്യം മുഴുവനും മുറവിളി ആണ്, രാജ്യം മുഴുവനും ആളുകളുടെ ബിസിനസ്‌ ഇല്ലാതെ ആയികൊണ്ടിരിക്കുകയാണ് എന്നിട്ട് താങ്കള്‍ ധൂര്‍ത്തടിച്ചു ജീവിക്കുകയാണ്‌. ഒരു ദിവസം നാല് ജോഡി ഡ്രസ്സ്‌ മാറും. കണ്ടിട്ടുണ്ടാകും നിങ്ങള്‍ ദിവസവും വലിയ വലിയ വിമാനത്തില്‍ കറങ്ങും, കുറച്ചു ബുദ്ധിമുട്ടുകളും കുറച്ചു ത്യാഗവും മോദിജി താങ്കളും ചെയ്യൂ. എല്ലാ ത്യാഗവും ജനങ്ങള്‍ ചെയ്യാന്‍ പോകുന്നില്ല.

ഒരു മനുഷ്യന്‍ വന്നു എന്‍റെ അടുത്ത് എന്നിട്ട് പറഞ്ഞത് സഹോദരാ ഇത് ഹിന്ദുക്കളുടെ പാര്‍ട്ടിയാണെന്ന്, ഞാന്‍ പറയുന്നു ഇവിടെ ഹിന്ദുക്കളെയും വെറുതെ വിട്ടില്ല, ഓര്‍ഡര്‍ ഉണ്ടാക്കിയപ്പോള്‍ ഹിന്ദുക്കള്‍ക്ക് ഇത് ബാധകം അല്ല എന്ന് എഴുതണമായിരുന്നു. ഇവരൊക്കെ ഹിന്ദുക്കളെയും വെറുതെ വിട്ടിട്ടില്ല, ഹിന്ദുക്കളെയും ക്യൂവില്‍ നിര്‍ത്തി, ഹിന്ദുക്കളുടെയും കടകള്‍ പൂട്ടിച്ചു. ഞാന്‍ ആദ്യമേ പറയുന്നതാണ് ഈ ബിജെപി ഹിന്ദുക്കളുടെ പാര്‍ട്ടിയല്ല, മുസ്ലിമിന്‍റെ പാര്‍ട്ടിയല്ല ഇത് അധികാരത്തിനോടൂം  പണത്തിനോടൂമ്മ്  അത്യാഗ്രഹമുള്ള പാര്‍ട്ടിയാണ്, നാളെ വേണമെന്ന് വെച്ചാല്‍ അവരുടെ സ്വന്തം പിതാവിനെ വരെ വിറ്റ്‌ തിന്നാന്‍ മടിക്കാത്തവര്‍ ആണ് ഈ ബിജെപിക്കാര്‍

എന്റെ ഒരു കൂടുകാരന്‍ ഉണ്ട്, ഭ്രാന്തനായ  ബിജെപിക്കാരന്‍ ആയിരുന്നു സഹോദരങ്ങളെ. ഇവിടെ ഉത്തര്‍പ്രദേശില്‍ ആണ് താമസിക്കുന്നത്, ഒരു ദിവസം എന്നെ കാണാന്‍ എന്‍റെ വീട്ടില്‍ വന്നു ഞാന്‍ ചോദിച്ചു എന്തൊക്കെ ഉണ്ട് സഹോദരാ വിശേഷം. എന്നോട് പറയുകയാണ് സഹോദരാ വലിയ ഒരു തെറ്റ് ഞാന്‍ ചെയ്തു, ഇനി ഞാന്‍ ഒരിക്കലും ചെയ്യില്ല, മരിക്കുന്നതിനു മുന്പ് എന്‍റെ കുട്ടികളോടും പറയും പേപിടിച്ച പട്ടികള്‍ക്ക് വോട്ടു കൊടുത്തോ പക്ഷെ ഒരിക്കലും ബിജെപിക്കു വോട്ടു കൊടുക്കരുതേ എന്ന്.

കൂട്ടുകാരെ, നിങ്ങളോടൊക്കെ ഒരു അഭ്യര്‍ത്ഥന ഉണ്ട്, മോദിജി പ്രധാനമന്ത്രി ആയതു ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ കാരണമാണ്‌, വാരണാസിയിലെ ജനങ്ങള്‍ കാരണമാണ്‌ ഉത്തര്‍പ്രദേശില്‍ നിന്നും 80 സീറ്റില്‍  73 സീറ്റ്‌ കിട്ടിയില്ലായിരുന്നു എങ്കില്‍ ഒരു കാരണവശാലും മോദിജി പ്രധാനമന്ത്രി ആകില്ലായിരുന്നു. കൂട്ടുകാരെ ഇനി നിങ്ങളുടെ ഉത്തരവാദിത്വം ആണ്. മീഡിയ നല്ല ആള്‍കാരാണ് പക്ഷെ ആ പാവങ്ങള്‍ക്ക് ഇതൊന്നും കാണിക്കാന്‍ പറ്റില്ല, അവര്‍ നിസ്സഹായരാണ്,  നിങ്ങള്‍  ഓരോ വീടുകളിലും കയറി ഇറങ്ങി പറയണം ഈ നോട്ടു നിരോധനം ഏറ്റവും വലിയ അഴിമതി ആണെന്ന്, അത്‌ നിങ്ങളുടെ ഉത്തരവാദിത്വം ആണ്. 8 ലക്ഷം കോടിയുടെ അഴിമതി ആണ്. അത് മാത്രമല്ല മോദിജി കൈകൂലി വാങ്ങുന്ന  ആണെന്ന കാര്യവും പറയണം .ഈ വരുന്ന തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വം ആണിത്‌, ഇനി വരുന്ന തിരഞ്ഞെടുപ്പില്‍, ഏതു ഉത്തര്‍പ്രദേശ് ആണോ മോദീജിയെ പ്രധാനമന്ത്രി ആകിയത് അതെ ജനങ്ങള്‍ കാണിച്ചു കൊടുക്കും  ജനാധിപത്യത്തില്‍ ജനങ്ങള്‍ ആണ് മുതലാളി എന്ന്.
ഭാരത് മാതാ കീ ജയ്

This entry was posted in Uncategorized. Bookmark the permalink.

5 Responses to “നോട്ടു നിരോധനത്തിനു പിന്നിലെ കള്ളക്കളികള്‍” : കെജ്രിവാളിന്റെ വാരണാസി പ്രസംഗത്തിന്റെ മലയാള പരിഭാഷ

 1. sunny says:

  well explained, God bless AAP, God bless India

 2. Nasil says:

  Sir very good

 3. fasal says:

  it is a good speak. thank you sir
  we will do

 4. siyad says:

  this is true sir

 5. അലക്സാണ്ടര്‍ says:

  ഇന്ത്യ കണ്ട പുതിയ സ്വപ്നം.. ആം ആദ്മി… യാഥാര്‍ത്ഥ്യം ആവട്ടെ എന്ന് പ്രതീക്ഷിക്കാം… നമ്മുടെ ഭവിക്കും,,, അടുത്ത തല മുറയ്ക്കും വേണ്ടി… മോഷണം നിര്‍ത്തുക.. വികസനം നടത്തുക..

Leave a Reply

Your email address will not be published. Required fields are marked *