എഎപി കേരള കൺവീനരുടെ റിപബ്ലിക് ദിന സന്ദേശം

എറണാകുളം, ജനുവരി 26

പ്രിയ ആം ആദ്മി സുഹൃത്തുക്കളേ,

ഇന്ത്യയുടെ അറുപത്തിഏഴാമത് റിപ്പബ്ലിക് ദിനം ആണ് ഇത്.  ഒരു മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആണ് നമ്മുടെ രാജ്യം എന്നു് ഭരണഘടനയില്‍ എഴുതി വച്ചിട്ടുണ്ടു്. എന്നാല്‍ അത്തരമൊരു രാജ്യം സൃഷ്ടിക്കാന്‍ നമുക്കു കഴിഞ്ഞുവോ? ഇല്ലെങ്കില്‍ എന്തുകൊണ്ട് കഴിഞ്ഞില്ലാ എന്നു ചിന്തിക്കേണ്ട ബാധ്യത നമുക്കില്ലേ?

സമത്വം എന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വം ആണ്. എന്നാല്‍ നമുക്കു് ഇപ്പൊഴും രോഹിത് വെമ്മൂലമാര്‍ ഉണ്ടാകുന്നു. ഭരണഘടനയില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട വകുപ്പു് 17 ആണു് എന്നു ഡാ. അംബേദ്ക്കര്‍ പറഞ്ഞിട്ടുണ്ടല്ലോ. ആയിരക്കണക്കിനു വര്‍ഷങ്ങളായി അടിച്ച്മര്‍ത്തപ്പെട്ടൂ കിടക്കുന്ന ജനങ്ങള്‍ക്കു തുല്യനീതി ഉറപ്പാക്കുന്ന “അയിത്ത നിരോധനം” ആണതു്. “നരന്നു നരന്‍ അശുദ്ധി” കല്‍പ്പിക്കുന്ന ഹീനമായ ദുരാചാരത്തെ ഒരു നിയമം കൊണ്ടു മാത്രം തടയാന്‍ കഴിയില്ലെന്നും അദ്ദേഹത്തിന്നു തന്നെ അറിയാമായിരുന്നു. ഇതു നടപ്പിലാക്കാന്‍ സര്‍ക്കാരുകള്‍ കഠിന പ്രയത്നം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പലവട്ടം ആവര്‍ത്തിച്ചിരുന്നു.

പല കക്ഷികള്‍ നിരവധി വർഷം രാജ്യം ഭരിച്ചിട്ടും എങ്ങിനെ രോഹിത് മാര്‍ ഉണ്ടാകുന്നു? ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇന്നും കടുത്ത വിവേചനം നിലനില്‍ക്കുന്നു. നമ്മുടെ തൊട്ടടുത്ത തമിഴ്നാട്ടില്‍ ഇപ്പോഴും ദളിതര്‍ക്കും മറ്റുള്ളവര്‍ക്കും ചായകുടിക്കാന്‍ വെവ്വേറേ ഗ്ലാസ്സുകള്‍ ആണെന്നു കാണുമ്പോള്‍ നമ്മുടെ അവസ്ഥ വ്യക്തം.

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കു പോലും ഇത്തരം അനീതികള്‍ക്കെതിരേ പോരാടാനുള്ള ശക്തി നഷ്ടമായിരിക്കുന്നു. ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ ആധിപത്യം പുലര്‍ത്തുന്ന കേരളത്തിലെ ക്യാമ്പസ്സുകളില്‍ പോലും ശക്തമായ വേര്‍തിരിവു് കാണുന്നു. ദളിത് വിഭാഗങ്ങളുടെ അവകാശങ്ങള്‍ എന്നതു് പൊതു സമൂഹം എന്നു വിളിക്കുന്ന സവര്‍ണ്ണ വിഭാഗങ്ങളുടെ സൗജന്യമാണെന്നു് കരുതുന്നവരാണെന്നും അവര്‍ കരുതുന്നു.

ഇത്തരമൊരു അവസ്ഥ മാറ്റപ്പെടാതെ ഒരു നിയമം കൊണ്ടും ഫലമുണ്ടാകില്ലെന്നും മനസ്സിലാക്കണം. യഥാര്‍ത്ഥ ഇന്ത്യ എന്നാല്‍ വിവേചനം  ഇല്ലാത്ത ഇന്ത്യ ആണു്. ഇതിനു മനുഷ്യ മനസ്സിലും മാറ്റം വരണം.

അതിനായി പ്രവര്‍ത്തിക്കും എന്നു് ഈ ദിനത്തില്‍ നാം പ്രതിജ്ഞ എടുക്കണം. പ്രവര്‍ത്തിക്കുകയും വേണം.

എല്ലാവര്‍ക്കും റിപ്പബ്ലിക് ദിന ആശംസകള്‍

സ്നേഹപൂര്‍വം
നിങ്ങളുടെ കണ്‍വീനര്‍

Republic

This entry was posted in Uncategorized. Bookmark the permalink.

2 Responses to എഎപി കേരള കൺവീനരുടെ റിപബ്ലിക് ദിന സന്ദേശം

 1. John Kuriakose says:

  മരണത്തിനു തൊട്ടുമുന്പുള്ള രോഹിത് എന്ന ബാലന്റെ മാനസികാവസ്ഥ അനുഭവിക്കുന്നവർ ഇന്ന് നമ്മുടെ രാജ്യത്ത് അനേകരാണ്. ജീവിക്കുന്നതിനേക്കാൾ മരണമാണ് ഭേദം എന്ന തോന്നൽ! മാലിന്യക്കുളത്തിൽ പ്രാണവായുലഭിക്കാതെ ചത്തൊടുങ്ങുന്ന അനേകം ജീവിക്ളിലോന്നിനെ ഓർമപ്പെടുത്തുന്നൂ കനിവിന്റെ കണികപോലും എങ്ങുനിന്നും ലഭിക്കാതെ ഒടുവിൽ ഒരു കയറിൻകഷണത്തിൽ സ്വയം ഒരുക്കിയ മരണക്കുരുക്കിൽ ആശ്വാസം കണ്ടെത്തിയ ഈ ബാലൻ. മാലിന്യക്കുളത്തിന്റെ കരയിൽ മൂളിപ്പാട്ടുംപാടി ചൂണ്ടലിട്ടുരസിക്കുന്നവരെ ഓര്മ്മപ്പെടുത്തുന്നു നമ്മുടെ ഭരണ സംവിധാനവും ഒന്നോഴിയാതെയുള്ള രാഷ്ട്രീയപ്പാര്ടികളും. കോടികൾ വിലമതിക്കുന്ന തേക്കിൽ തീർത്ത രമ്യഹര്മ്മ്യമോ, ഏറെ വിലപിടിച്ച തുകലിൽപൊതിഞ്ഞ സിംഹാസനങ്ങളോ, സായിപ്പിനെ അനുകരിക്കുന്ന സാർ…സാർ വിളികളോ കൊണ്ടുമാത്രം ഒരു ജനാധിപത്യസംവിധാനം ഉണ്ടാകുന്നില്ല; അതിൽ ഉപവിഷ്ടരാകുന്നവരുടെ നിലവാരവും, പക്വതയും, അറിവും, ജ്ഞാനവും, സർവ്വോപരി സത്യസന്ധതയുമെല്ലാമാണ് ഭരണസംവിധാനത്തെ ശാക്തീകരിക്കുന്നത്.
  വേണ്ടതിനും, വേണ്ടാത്തതിനും കോപ്പിയടിക്കുന്ന നമ്മൾ ജനാധിപത്യമാതൃകകളുടെ കാര്യത്തിൽ മാത്രം നല്ലമാതൃകകൾക്കുനേരെ കണ്ണടക്കുന്നു. അമേരിക്കയിലോ മറ്റേതെങ്കിലും ജനാധിപത്യരാജ്യങ്ങളിലോ തെരഞ്ഞെടുപ്പില്ലാത്ത ജനാധിപത്യമുണ്ടോ എന്നുചിന്തിക്കുക. തെരഞ്ഞെടുപ്പിലൂടെയല്ലാതെ ആര്ക്കെങ്കിലും ഒരു രാഷ്ട്രീയപാര്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങൾ ലഭ്യമാകുന്നുട്ണ്ടോ? എങ്കിൽ, നമ്മുടെ കപടമാതൃക നോക്കൂ: ഒന്നൊഴിയാതെ എല്ലാ പര്ടികളിലും ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു! പാര്ടിയംഗങ്ങളുടെ അറിവുപോലുമില്ലാതെ, സംസ്ഥാന
  പ്രസിഡണ്ടുമാരും/സെക്രട്ടറിമാരും, മറ്റു സംസ്ഥാന/ജില്ലാ തലഭാരവാഹികളും ഉണ്ടാകുന്നു! ഇത്തരക്കാരുടെ ഗൂഡസംഘങ്ങളാണ് ജനപ്രതിനിധിസഭയിലേക്ക് ആർ വരണം എന്ന് നിർണ്ണയിക്കുന്നത്! ഒടുവിൽ വിഫലമായ സ്കൂൾവരാന്തകളിലെ കാത്തുനില്പിനും, മഷിചാർത്തലിനും ശേഷം വരുന്നതോ: കോഴക്കാർ, പക്ഷപാതികൾ, ആധുനിക യുഗത്തിനുചേര്ന്ന അടിസ്ഥാന കാര്യങ്ങളിൽ പോലും ആജ്ഞരായവർ, സമൂഹത്തെ നിരന്തരമായി നാണംകെടുത്താൻ മാത്രം പോന്നവർ, ഏതു കാര്യങ്ങളിലും പക്ഷംപിടിച്ചുമാത്രം സംസാരിക്കുന്നവർ എന്നിങ്ങനെയുള്ളവർ! ഇവരുടെ നേതൃത്വത്തിൻ കീഴിൽ സത്യസന്ധരെല്ലാം ഇരകളാക്കപ്പെടുന്നു! അല്ലെങ്കിൽ സത്യസന്ധർ അവരുടെ നിലപാടുമാറ്റാൻ നിര്ബന്ധിതരാകുന്നു. അതുമല്ലെങ്കിൽ ഭയം മൂലം അവര്ക്ക് വായടക്കേണ്ടിവരുന്നു. ദേശം മാലിന്യക്കുളമാകുന്നു. രാഷ്ട്രീയക്കാരും അവരുടെ പിണയാളുകളും അവർതന്നെതീർത്ത വിഷക്കുളത്തിന്റെ കരയിലിരുന്ന് അതിൽപെട്ട് മരണവെപ്രാളപ്പെടുന്നവരെ ചൂണ്ടലിട്ടു പിടിച്ചു രസിക്കുന്നു–തങ്ങളും, തങ്ങളുടെ തലമുറകളും നാശത്തിലേക്കുതന്നെയെന്നു തിരിച്ചറിയാതെ!

  മതത്തിന്റെ പേര് പാർടിയുടെ പേരിൽ ഉൾപെടുത്താൻ പാടില്ല എന്ന് സുവ്യക്തമായ ഇലക്ഷൻ കമ്മീഷൻ മാർഗരേഖയുണ്ട്. കാരണം അത് ഇന്ത്യൻ ഭരണഘടനക്കുവിരുദ്ധ മായതുകൊണ്ടുതന്നെ. പക്ഷെ കേരളത്തിൽ മതപ്പാര്ടി നിലനില്ക്കുന്നു; സമൂഹത്തെ ജാതീയമായി കുത്തിക്കീറി വികലമാക്കുന്നു; സ്വയം മതേതരപ്പാര്ടിയെന്നു വിശേഷിപ്പിച്ചു സമൂഹത്തെയാകമാനം ജാതീയമായി ചിന്തിക്കുവാൻ നിർബന്ധിതരാക്കുന്നു!

  ജനാധിപത്യം വഴിതെറ്റിയാൽ സത്യസന്ധരായവർക്ക് ആശ്വാസം ഒരിടത്തു മാത്രമാണ്–കോടതിയിൽ. പക്ഷെ, നമ്മുടെ കോടതിസംവിധാനത്തിലെ കാലവിളംബം ലോകത്തെത്തന്നെ ഞെട്ടിക്കുന്ന വിധത്തിലാണ്. ഒരു ചെറുപരാതി തീര്പാകാൻ ഒരു പതിറ്റാണ്ട്! അപ്പീലുണ്ടെങ്കിൽ മറ്റൊന്ന്! രണ്ടാമത്തെ അപ്പീലുന്ടെങ്കിലോ വീണ്ടും മറ്റൊരു പതിറ്റാണ്ട് ! പരാതികൾക്ക് ഒരിക്കലും തീര്പുണ്ടാകുന്നില്ല. നീതിന്യായക്കോടതിയുടെ ഈ ദുരവസ്തക്കും കാരണം പിൻവാതിലിലൂടെ കടന്നുവരുന്ന കപട രാഷ്ട്രീയക്കാർ തന്നെ! കള്ളന്മാരായവരെ മാത്രം സർക്കാർഅഭിഭാഷകരായി നിയമിച്ച് അവർ കോടതികളെ നിർവീര്യമാക്കുന്നു; ഇവര്ക്കെതിരെ ആര്ക്കെങ്കിലും പരാതിയുണ്ടെങ്കിൽ അവരോടു പരിഹാസത്തോടെ ‘ഈ’ കോടതിയിലേക്ക് പോകാൻ ആവശ്യപ്പെടുന്നു; ജനം ഇവ്വിധത്തിൽ നിരന്തരം തോല്പ്പിക്കപ്പെടുന്നു! ഇവര്ക്കെതിരെ ഒരു ഉദ്യോഗസ്ഥനോ, ന്യായാധിപാണോ പരാമര്ശം നടത്തിയാൽ അവരെയും വളഞ്ഞുവച്ച് ആക്രമിക്കുന്നു.

  മാടപ്രാവിനുള്ള കൂട്ടിൽ മൂർഖൻപാമ്പുകൾ കയറിക്കിടക്കുന്ന അവസ്ഥ– അതാണ് നമ്മുടെ ഇന്നത്തെ രാഷ്ട്രീയം! ഇവർ സൃഷ്ടിക്കുന്ന അര്രാജകത്വതിന്റെ ഇരകളാണ് രോഹിത് ഉൾപെടെ നമ്മളോരോരുത്തരും! കോഴയ്ക്കും, അതിക്രമങ്ങൾക്കും, നിയമം അട്ടിമറിക്കലിലും മാത്രമല്ല, സകലവിധ പീഡനങ്ങൾക്കും, ആത്മഹത്യകൾക്കും കാരണക്കാർ ഇക്കൂട്ടർതന്നെ. റോഹിത്തിന്റെ ആത്മഹത്യയുടെയും മൂലകാരണവും മറ്റൊന്നല്ല. പക്ഷെ, ഇപ്പോൾ ഇവരെല്ലാംതന്നെ ചേർന്ന് ഈ ദുരന്തത്തെ വോട്ടാക്കി മാറ്റാൻ ശ്രമിക്കുന്നു എന്നുമാത്രം.
  വെറും അഞ്ചോ ആറോപേർ എഴുന്നേറ്റുനിന്നു ആവശ്യപ്പെട്ടാൽ പാർടികൾ ഭരണഘടനാപരമായ ജനാധിപത്യരീതികൾ മാനിക്കെണ്ടിവരും. പക്ഷെ അതിനു ഒരാൾ പോലും ഉണ്ടാകില്ല എന്നതാണ് സത്യം.

  മുപ്പത്തിയെട്ടു ആണ്ട് രോഗം ബാധിച്ചുകിടന്ന മനുഷ്യനോടു യേശു ചോദിച്ച ചോദ്യം ഇവിടെ പ്രസക്തമാകുന്നു: ” നിനക്ക് സൌഖ്യമാകുവാൻ മനസ്സുണ്ടോ?” വരും തലമുറക്കുവേണ്ടിയെങ്കിലും ഈ കപടരാഷ്ട്രീയക്കാരെ ഇല്ലാതാക്കുവാൻ നമുക്ക് മന്സ്സുണ്ടാകുമോ എന്നതുമാത്രമാണ് ഇന്ന് നമുക്കുമുന്നിലുള്ള പ്രശ്നം.

 2. Arshad Madathodi says:

  Happy R’day to all

Leave a Reply

Your email address will not be published. Required fields are marked *